കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കും…കാരണം ‘തോമസ് കെ തോമസ് പാര്‍ട്ടിക്ക്…
ആലപ്പുഴ: എന്‍സിപിയുടെ കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കും. എംഎല്‍എ തോമസ് കെ തോമസ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതിന് പിന്നാലെ ഉടലെടുത്ത ചര്‍ച്ചകള്‍ക്കിടെയാണ് സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കുമെന്ന വിവരം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ലേഖനം ചര്‍ച്ചയാക്കിയാണ് ആവശ്യം. തോമസ് കെ തോമസ് പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നു.
എന്നാല്‍ ചര്‍ച്ചകള്‍ മന്ത്രി എ കെ ശശീന്ദ്രന്‍ തള്ളി. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ദുരുദ്ദേശപരമായി ഒന്നും നടക്കുന്നില്ലെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റില്‍ എന്‍സിപിക്ക് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. എന്‍സിപി ക്ഷയിച്ച് ഒരു വള്ളത്തില്‍ക്കയറാനുള്ള ആളുപോലും ഇല്ലാതായി. സംഘടന മുഖപത്രമായ ‘യോഗനാദ’ത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.