‘പുകവലിക്കുന്നത് മഹാ അപരാധമാണോ?’.. ‘ഞാനും പുകവലിക്കാറുണ്ട്’.. എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ.. വേദിയിൽ പ്രതിഭയും…

കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയായതില്‍ എക്‌സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാന്‍ ചോദിച്ചു. പ്രതിഭ എംഎല്‍എ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സജി ചെറിയാൻ്റെ പരാമർശം. പുകവലിക്കുന്നത് മഹാ അപരാധമാണോ? ചെയ്‌തെങ്കില്‍ തെറ്റാണ്. ജയിലില്‍ കിടന്നപ്പോള്‍ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവന്‍ നായര്‍ എന്നും സജി ചെറിയാന്‍ പറഞ്ഞു.

എംഎല്‍എയുടെ മകന്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ഇച്ചിരി വര്‍ത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല. എഫ്‌ഐആര്‍ ഞാന്‍ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാന്‍ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാന്‍ പേടിയൊന്നുമില്ല.പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു.പുക വലിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് എന്തിനാണ് ഇടുന്നതെന്നും സജി ചെറിയാന്‍ ചോദിച്ചു. നമ്മുടെ കുഞ്ഞുങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. ഈ ഇരിക്കുന്നവന്മാര്‍ ചെയ്ത കാര്യങ്ങള്‍ കൂട്ടിവെച്ചാല്‍ പുസ്തകം എഴുതാം. കുട്ടികള്‍ കമ്പനിയടിക്കും. വര്‍ത്തമാനം പറയും. ഇടയ്ക്ക് ഒരു പുകവലിക്കും അതിനെന്താ. ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്. മഹാ അപരാദമാണെന്ന് പറയരുത്. പ്രതിഭ എംഎല്‍എയുടെ മകന്‍ ഇങ്ങനെയൊരു കാര്യത്തിന് കൂട്ടുനിന്നു. അതിന് പ്രതിഭ എംഎല്‍എ എന്തു ചെയ്തുവെന്നും സജി ചെറിയാന്‍ ചോദിച്ചു.

അവർ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേ? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ? സ്വഭാവികമായി പറയും എന്നും മന്ത്രി പറഞ്ഞു.. യു പ്രതിഭ നിയമസഭയിലെ മികച്ച സാമാജികയാണെന്നും അതാണ് പ്രതിഭയ്ക്ക് പാർട്ടി വീണ്ടും അവസരം നൽകിയതെന്നും മന്ത്രി പറഞ്ഞു. കേസിൽ ആദ്യമായിട്ടാണ് പാർട്ടിയിൽ നിന്ന് പ്രതികരണവുമായി ഒരു നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button