ഇൻഷുറന്‍സ് തുക പുതുക്കാനെത്തിയത് വിനയായി.. ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് വർഷങ്ങൾക്കിപ്പുറം പിടിയിൽ…

ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശി ബാബുവിനെ (74) ആണ് കൊരട്ടി എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 2001 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.തിരുമുടിക്കുന്ന് ആശുപത്രിക്ക് സമീപം താമസിച്ചിരുന്ന പനങ്ങാട്ടു പറമ്പില്‍ ദേവകിയെ (35) യാണ് ബാബു വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ദേവകിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. എട്ടു വർഷം ഒളിവിൽ ആയിരുന്ന പ്രതിയെ മാരാരിക്കുളം പൊലീസ് 2008 ൽ പിടികൂടി. എന്നാൽ രണ്ട് വർഷം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും ഒളിവിൽ പോയി.

മധുര,കോട്ടയം എന്നിവിടങ്ങളിൽ പല പേരുകളിൽ കഴിഞ്ഞ പ്രതി തന്‍റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൃത്യമായി കൈപ്പറ്റി വരുന്നതായി പൊലിസീന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. അപകടത്തിൽ കൈ വിരൽ മുറിഞ്ഞതിന് കേന്ദ്രസര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് തുക ഇയാള്‍ക്ക് സ്ഥിരമായി ലഭിച്ചിരുന്നു. ഇത് പുതുക്കാനായി എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Related Articles

Back to top button