ആടുമാടുകളുടെ കാവലിന് കൊള്ളൂവാരയന്മാർ എത്തി.. മാവേലിക്കരയിൽ…
മാവേലിക്കര- അറുന്നൂറ്റിമംഗലം സംസ്ഥാന സീഡ് ഫാമിലെ ആടുമാടുകളുടെ കാവലിന് 2 കൊള്ളൂവരിയൻ ഇനം നായ് കുട്ടികളെത്തി. വാസുകി, സുന്ദരി എന്ന് പേരിട്ട ഈ കൊള്ളൂവാരയന്മാർ ഇനി അറുന്നൂറ്റിമംഗലം സ്റ്റേറ്റ് സീഡ് ഫാമിലെ ആടുമാടുകളുടെ കാവൽ ജോലി ഏറ്റെടുക്കും. സംയോജിത കൃഷി വികസന പദ്ധതി അറുന്നൂറ്റിമംഗലം ഫാമിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയതായി 3 വെച്ചൂർ പശുക്കൾ, 2 കാസർഗോഡ് കുള്ളൻ, 15 മലബാറി ആടുകൾ, 5 അട്ടപ്പാടി ബ്ലാക്ക് ഇനത്തിൽപ്പെട്ട ആടുകൾ എന്നിവയെ ഇവിടെ വളർത്തുന്നുണ്ട്. ഇവയുടെ സംരക്ഷകരാകുവാൻ രണ്ട് കൊള്ളൂവരയന്മാർക്ക് പരിശീലനം നൽകും.
പാലക്കാട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ മുമ്പ് എല്ലാ വീടുകളിലും വളർത്തിയിരുന്ന ഒരു നാടൻ ഇനമാണ് കടും തവിട്ടു നിറമുള്ള ശരീരത്തിൽ കറുത്ത വരകൾ നിറഞ്ഞ കൊള്ളുവരയൻ നായ്ക്കൾ. പാലക്കാട് മുതിരയ്ക്ക് കൊള്ളെന്നാണ് പറയുന്നത്. കൊള്ളിന്റെ നിറമുള്ള ശരീരത്തിൽ വരകൾ ഉള്ളതുകൊണ്ടാണ് ഇവയെ കൊള്ളുവരയൻ എന്ന് വിളിക്കുന്നത്. ചുവന്ന ചോരക്കണ്ണുകൾ, വായയ്ക്ക് ചുറ്റും കറുപ്പ് നിറം, ഉറച്ച പേശികൾ, നൂല് പോലത്തെ വാല്, മുഴക്കമുള്ള കുര ശബ്ദം എന്നിവയാണ് നായ്ക്കളുടെ സവിശേഷത. ആട് മേയ്ക്കുന്നവർ, നായാട്ടിന് പോകുന്നവർ, മലയോരക്കർഷകർ എന്നിവരുടെ പ്രിയ മിത്രമാണ് കൊള്ളുവരിയന്മാർ.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ച കൊള്ളൂവാരിയൻ നായ് കുട്ടികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു എന്നിവർ ഏറ്റുവാങ്ങുകയും ഇവരെ അറുന്നൂറ്റിമംഗലം ഫാം സൂപ്രണ്ട് ടി.ടി അരുണിന് കൈമാറുകയും ചെയ്തു. ക്ഷേമ കാര്യ സ്ഥിരസമിതി അധ്യക്ഷൻ ടി.എസ്.താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുളാദേവി, പി.അഞ്ജു, വീയപുരം ഫാം സീനിയർ കൃഷി ഓഫീസർ ടി.എസ്.വൃന്ദ, അനീഷ് വിശാൽ എന്നിവർ പങ്കെടുത്തു.