10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു…52 വയസുകാരന് …..
10 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 52 വയസ്സുകാരന് 130 വർഷം കഠിന തടവും 8,75,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം 35 മാസം കൂടി അധികതടവ് അനുഭവിക്കണം. ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ കുഞ്ഞപ്പു മകൻ സജീവൻ (52) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2023 ഏപ്രിലിൽ പ്രായപൂർത്തിയാകാത്ത 10 വയസ്സുള്ള ആൺകുട്ടിയെയും കൂട്ടുകാരനെയും ബൂസ്റ്റ് തരാം എന്നു പറഞ്ഞു വീടിൻ്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയും അതിനുശേഷം രണ്ട് പേർക്കും കൂടി പ്രതിഫലമായി ഒരു പാക്കറ്റ് ബൂസ്റ്റും നൽകി വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നതാണ് കേസ്. പീഡനത്തിന് മാസങ്ങൾക്കു ശേഷം പ്രതിയെക്കുറിച്ച് മോശമായി അഭിപ്രായം കേട്ട മാതാവ് കുട്ടിയോട് ചോദിച്ചപ്പോഴാണ്, കുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് ചാവക്കാട് സ്റ്റേഷനിൽ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സി പി ഒ പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എസ് ഐ സെസിൽ ക്രിസ്റ്റ്യൻ രാജ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പ്രാഥമികാന്വേഷണം നടത്തി. ഇൻസ്പെക്ടർ വിവിൻ കെ വേണുഗോപാൽ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി. സി പി ഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.