‘സിപിഐഎമ്മിൻ്റെ മസ്തിഷ്കത്തിനേറ്റ അടി…ടി പി കേസിൽ ശിക്ഷിച്ചിട്ടും സിപിഐഎം ഇതുവരെ ഒന്നും പഠിച്ചില്ല’…
പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഐഎം മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന കോടതിയുടെ കണ്ടെത്തലിൽ സന്തോഷമെന്ന് കെ കെ രമ എം എൽ എ. സിപിഐഎമ്മിന്റെ മസ്തിഷ്കത്തിനേറ്റ അടിയാണിതെന്നും ടി പി കേസിൽ ശിക്ഷിച്ചിട്ടും സിപിഐഎം ഇതുവരെ ഒന്നും പഠിച്ചില്ലായെന്നും രമ പ്രതികരിച്ചു.
വാടക കൊലയാളികൾ അല്ല കൃത്യത്തിന് പിന്നിൽ, സിപിഐഎം നേരിട്ട് നടത്തിയ കൊലപാതകമാണ്. ഇതോടെ സിപിഐഎമ്മിൻ്റെ കൊലപാതക രാഷ്ട്രീയം വ്യക്തമായി വലിച്ചു കീറപ്പെട്ടുവെന്നും കോടികൾ മുടക്കി സിബിഐ അന്വേഷണത്തെ എതിർത്തതിൻ്റെ കാരണം ഇപ്പോൾ വ്യക്തമായെന്നും കെ കെ രമ പ്രതികരിച്ചു. വിധിയിൽ സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്ന് പറഞ്ഞ് സിപിഐഎം ഇനിയും ന്യായീകരണം നടത്തുമെന്നും കെ കെ രമ കൂട്ടിചേർത്തു.
ടി പി വധക്കേസിന് ശേഷം സമീപകാലത്ത് സിപിഐഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. പെരിയ ഇരട്ടക്കൊലപാതകം തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 270 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.
14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേർത്തത്. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിന് ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, സിപിഐഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ , ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.
കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. സി കെ ശ്രീധരൻ പിന്നീട് പ്രതികൾക്ക് വേണ്ടി ഹാജരായിരുന്നു. വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്.