കൊവിഡ് നെഗറ്റീവായിട്ടും കൊവിഡ് ചികിത്സ….പരാതിക്കാരിക്ക്…
കൊവിഡ് നെഗറ്റീവാണെന്ന വിവരം മറച്ചുവെച്ച് കൊവിഡ് ചികിത്സ നടത്തിയതിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. കക്കാടംപൊയില്‍ സ്വദേശി സോജി റനി എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ നല്കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.
2021 മെയ് 26ന് ചില ആരോഗ്യപ്രശ്നങ്ങളുമായാണ് പരാതിക്കാരി ഭര്‍ത്താവിനോടൊപ്പമെത്തി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഉടന്‍തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്തി. ഫലം ഇന്‍ഡിറ്റര്‍മിനേറ്റഡ് എന്നായിരുന്നു. കൊവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിക്ക് ഉടന്‍തന്നെ ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തി. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും യുവതിയെ അറിയിച്ചില്ലെന്നാണ് പരാതി. അതിതീവ്ര പരിചരണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട പരാതിക്കാരിക്ക് ഭര്‍ത്താവുമായോ ശാരീരിക അവശതകള്‍ നേരിടുന്ന മകനുമായോ ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല.