2മക്കളായിരുന്നു…..രണ്ടുമക്കളും ദുരന്തത്തിൽ മരിച്ചു…ഭാര്യയുടെ കൈകാലുകൾക്ക് ചലനശക്തി നഷ്ടപ്പെട്ടു, സർജറിക്ക് പണമില്ല; സർക്കാരിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന്…

ദുരന്തത്തിന് ശേഷം ആദ്യത്തെ മാസം മാത്രമാണ് 300 രൂപ സർക്കാരിൽ നിന്ന് ധനസഹായമായി ലഭിച്ചതെന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ട സുബൈർ. തനിക്ക് 2 മക്കളായിരുന്നു. രണ്ടുമക്കളും ദുരന്തത്തിൽ മരിച്ചുവെന്ന് സുബൈർ പറഞ്ഞു. മക്കളിൽ ഒരാളെ മാത്രമാണ് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തിയത്. ഇനിയും ഒരാളെ കണ്ടെത്താനുമുണ്ട്. ഭാര്യയുടെ വലതുകയ്യിനും കാലും ചലനശേഷി നഷ്ടപ്പെട്ടു. ജീവിതത്തിൽ ഇനിയെന്താണെ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സുബൈർ പറഞ്ഞു.

തന്റെ മക്കളെ മാത്രമല്ല, പത്തുമുപ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഭാര്യയുടെ വലത് കയ്യിന് സർജറി ചെയ്തിരുന്നു. മറ്റു സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. കാലിന് സർജറി വേണമെന്ന് പറഞ്ഞു. എന്നാൽ ലക്ഷങ്ങൾ വേണം. ദുരന്തത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ടു. നിലവിൽ വാടക വീട്ടിലാണ് താമസം. സർക്കാർ ധനസഹായം ലഭിച്ചത് വെറും ഒരുമാസം മാത്രമാണ്. പിന്നീട് 300 രൂപ ഇതുവരേയും ലഭിച്ചില്ല. ജീവിതം എങ്ങനെ മുന്നോട്ട് പോവുമെന്ന് അറിയില്ലെന്നും സുബൈർ പറയുന്നു. നിരവധി പേരാണ് നിരാലംബരായിട്ടുള്ളത്. വീടും കുടുംബവും നഷ്ടപ്പെട്ട സുഹ്റയും തൻ്റെ വേദന പങ്കുവെച്ചു.

30 വര്‍ഷം തേയില എസ്റ്റേറ്റില്‍ ഉമ്മ കഷ്ടപ്പെട്ടുണ്ടായ 51 സെന്‍റ് സ്ഥലം ദുരന്തത്തില്‍ ഇല്ലാതായെന്ന് ചൂരല്‍മല സ്വദേശിയായ സുഹ്റ പറയുന്നു. വീട് ഭാഗികമായി തകര്‍ന്നു. ഇപ്പോള്‍ താമസിക്കുന്നത് മുണ്ടേരിയില്‍ ഒരു വാടക വീട്ടിലാണ്. വീട് താമസ യോഗ്യമല്ലെന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ട പട്ടികയില്‍ തങ്ങളുടെ പേരില്ലെന്ന് പറയുകയാണ് സുഹ്റ. ‘നമ്മള് പറയുന്നത് കേള്‍ക്കുന്നില്ല സര്‍ക്കാര്‍. കേട്ടെങ്കിലല്ലേ എന്തെങ്കിലും പറയാന്‍ സാധിക്കൂ. ഉമ്മ രോഗിയാണ്. രണ്ടാം ഘട്ടത്തിലെ പട്ടികയില്‍ പേരുണ്ടെന്ന് വിശ്വാസമില്ല.’ സുഹ്റ പ്രതികരിച്ചു.

അതേസമയം, ഉരുൾപൊട്ടൽ പുനരധിവാസത്തിലെ ഗുണഭോക്താക്കളുടെ പട്ടികയെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. നിലവിലെ കരട് പട്ടിക പിൻവലിക്കാനും പുനരധിവാസം ഒറ്റ ഘട്ടമായി നടത്തണമെന്നും ഉള്ള ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ദുരന്തബാധിതർ. പിഴവുകൾ തിരുത്തുന്നതിന് ആയുള്ള ദുരന്തനിവാരണ അതോറിറ്റി യോഗം വയനാട് ജില്ല കളക്ടർ ഉടൻ വിളിച്ചേക്കും. പഞ്ചായത്ത് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടിക കൂടി ജില്ലാ ഭരണകൂടം പരിശോധിക്കും. മാനന്തവാടി സബ് കളക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ 388 പേരുടെ ഗുണഭോക്താക്കളുടെ പട്ടികയിലാണ് വ്യാപകമായി പിഴവുകൾ വന്നത്.

Related Articles

Back to top button