മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിൽ ചേരിതിരിഞ്ഞ് മത്സരിക്കാനുള്ള ശ്രമത്തിന് നേതൃത്വത്തിന്റെ കത്രികപൂട്ട്
മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മത്സരിക്കാനുള്ള ശ്രമത്തിന് നേതൃത്വം പൂട്ടിട്ടു. നാളെ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടന്ന ചര്‍ച്ചകള്‍ പരാജയമായിരുന്നു. ആലപ്പുഴ ജില്ലയുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി സെക്രട്ടറി ഡോ.അറിവഴകന് ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്.
മത്സരത്തിനായുള്ള പാനല്‍ തയ്യാറാക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് രണ്ട് ചേരിയായി തിരിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നോമിനേഷന് കൊടുക്കാന്‍ കാരണമായത്. സ്കൂട്ടണി ദിവസം പോലും ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉള്‍പ്പടെയുള്ള നേതാക്കന്മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയമായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മിഷന് 2025മായി ബന്ധപ്പെട്ട് എ.ഐ.സി.സി സെക്രട്ടറി ഡോ.അറിവഴകന്റെ നേതൃത്വത്തില്‍ കൂടയ നേതൃയോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി മരിയാപുരം ശ്രീകുമാര്‍ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് ചേരിതിരിഞ്ഞ് മത്സരിക്കുന്നത് വരുന്ന തെരഞ്ഞെടുപ്പിലുള്‍പ്പടെ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് യോഗത്തില്‍ ഉന്നയിക്കുകയായിരുന്നു. മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസിന് വിഷയം അവതരിപ്പിക്കാൻ അവസരം നല്കി. തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനെ പ്രശ്നപരിഹാരത്തിനായി ചുമതലപ്പെടുതത്തി. അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഒരു വിഭാഗം പിന്മാറാന് തയ്യാറായി. എന്നാല്‍ മറുവിഭാഗം എന്ത് വന്നാലും പിന്മാറില്ലയെന്ന ഉറച്ച നിലപാടിലുമായിരുന്നു. മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ്, നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജി.ഹരിപ്രകാശ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് കെ.ഗോപന്, ഡി.സി.സി മെമ്പര്‍ പഞ്ചവടി വേണു, മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് സജീവ് പ്രായിക്കര, മഹേഷ് മുരളി, പ്രഭാകരന്‍നായര്‍, ശോഭന എന്നിവരാണ് പിന്മാറാന് തയ്യാറായത്.
നിലവിലെ സാഹചര്യത്തില്‍ സാങ്കേതികമായി പത്രിക പിന്‍വലിക്കാന്‍ സാധിക്കാത്തതുകൊണ്ട് സമ്മതിദായകരെ വിവരം ധരിപ്പിച്ച് എതിര് പാനലിന് വോട്ടുകൊടുപ്പിക്കും എന്നതും ഇവരിലാരെങ്കിലും മത്സരത്തില്‍ മുമ്പില്‍ വന്നാല്‍ രാജിവെയ്ക്കുമെന്നതുമാണ് ധാരണ. നിലവില്‍ ഡി.സി.സി പ്രഖ്യാപിച്ചിരിക്കുന്ന പാനലില്‍ ജനറല്‍ വിഭാഗത്തില്‍ ഇബ്രാഹിംകുട്ടി, ജോണ്‍.കെ.മാത്യു, നൈനാന്.സി.കുറ്റിശേരില്‍, മുരളി വൃന്ദാവനം, സൂരജ്.പി.ബി, വനിത വിഭാഗത്തില്‍ നിന്ന് രാജലക്ഷ്മി.എസ്, സുനി ആലീസ് ഏബ്രഹാം, നിക്ഷേപക വിഭാഗത്തില്‍ നിന്ന് മാത്യു.കെ.വി കണ്ടത്തില്‍, റോബിന് സാം ജോണ്‍ എന്നിവരാണുള്ളത്. എം.രമേശ്കുമാര്‍, സുജ നായര്‍ എന്നിവർ എതിരില്ലാതെ ഉള്‍പ്പെട്ടിട്ടുണ്ട്.