മുരിങ്ങക്കായ ഇല്ലാതെ സാമ്പാർ! മുരിങ്ങക്കായ് വില 600ലേക്ക്….
ശബരിമല സീസണിൽ പച്ചക്കറിവില വാനോളം. മുരിങ്ങക്കായയുടെ വില 600ലേക്ക് കുതിക്കുകയാണ്. ഇതോടെ അടുക്കളകളിൽ മുരിങ്ങക്കായ ഇല്ലാതെയാണ് സാമ്പാർ ഉണ്ടാക്കുന്നതെന്ന് വീട്ടമ്മമാർ പറയുന്നു. ക്രിസ്മസ്, ന്യൂഇയർ അടുത്തതോടെ കോഴിവിലയും വർധിച്ചു. കഴിഞ്ഞാഴ്ച 95-100 രൂപ ഉണ്ടായിരുന്ന കോഴിക്ക് ഇന്നലെ 125-130 ആണ് വില.
പച്ചക്കറിവിലയിലുണ്ടായ വിലക്കുതിപ്പിന് കാരണമായിരിക്കുന്നത് തമിഴ്നാട്ടിലെ പ്രളയക്കെടുതിയാണ്. കേരളം പഴം -പച്ചക്കറികൾക്ക് ഏറെയും ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. അതുകൊണ്ടുതന്നെ ഇത് ബാധിച്ചതും കേരളത്തെയാണ്. വിലക്കയറ്റം കുടുംബബജറ്റിന്റെ താളം തെറ്റിച്ചിട്ടുണ്ട്.
മുരിങ്ങക്കായക്കൊപ്പം തക്കാളി, നീരുള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, വെണ്ട, കാബേജ് തുടങ്ങിയ പച്ചക്കറികൾക്കും വില നാൾക്കുനാൾ കൂടിവരുന്നുണ്ട്. അതോടൊപ്പം നേന്ത്രപ്പഴത്തിനും കദളിപ്പഴത്തിനും കഴിഞ്ഞ കുറെ ദിവസമായി 60-75 രൂപയിൽ കുറവില്ല.
ക്രിസ്മസ്-ന്യൂ ഇയർ അടുത്തെത്തിയതോടെ പഴവർഗങ്ങൾക്കും ഇനിയും വില കൂടാൻ സാധ്യതയുണ്ട്. മറ്റ് അവശ്യസാധനങ്ങൾക്കും വിപണിയിൽ നേരിയ വിലക്കയറ്റമുണ്ട്. വിപണിയിൽ സർക്കാർ ഇടപെടലുകൾ ഒന്നുമില്ലാത്തതും വിലക്കയറ്റത്തിനിടയാക്കുന്നുണ്ട്.