പ്രശസ്ത സിനിമ-സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു…
പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു.
1942 ൽ പാലക്കാട് കല്ലേക്കുളങ്ങരയിൽ ജനിച്ചു. തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. 1976 ൽ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമയിലെത്തിയെങ്കിലും 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയിൽ സജീവമായത്.
നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചുഡുവാലത്തൂർ മൈത്രി നഗറിലാണ് താമസിച്ചവരികയായിരുന്നു. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.