എട്ട് ഡിയിൽ നിദയും റിദയും ഇർഫാനയുമില്ല.. എട്ട് ഇയിൽ ആയിഷയുമില്ല.. അവരുടെ കളിചിരികളില്ലാതെ കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്ന് വീണ്ടും തുറക്കും…
നാല് കുട്ടികളുടെ വിയോഗത്തിന് പിന്നാലെ കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്ന് വീണ്ടും തുറക്കും. രാവിലെ അനുശോചനയോഗം ചേരും. തുടര്‍ന്ന് ക്ലാസുകള്‍ ആരംഭിക്കും..ക്‌ളാസുകൾ ആരംഭിക്കുമ്പോൾ എട്ട് ഡി ക്ലാസിൽ രണ്ടാം നിരയിലെ ബെഞ്ചിലിനി ഒരുമിച്ചിരിക്കാൻ നിദയും റിദയും ഇ൪ഫാനയുമില്ല. എട്ട് ഇയിൽ നിന്ന് ഇവ൪ക്കൊപ്പം കൂട്ടുകൂടാൻ ആയിഷയും ഇല്ല എന്നത് അംഗീകരിക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇനിയുമായിട്ടില്ല. ക്രിസ്തുമസ് പരീക്ഷകള്‍ യഥാക്രമം നടക്കും. കൂടാതെ ആവശ്യമായ കുട്ടികള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കാനും തീരുമാനമുണ്ട്.വ്യാഴാഴ്ച ഇംഗ്ലീഷ് പരീക്ഷയും കഴിഞ്ഞ് ഒരുമിച്ചിറങ്ങിയ നാലുകുട്ടികൾക്ക് മേലേക്കായിരുന്നു ലോറി മറിഞ്ഞത്.
അതേസമയം കരിമ്പയില്‍ നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ വിവിധ വകുപ്പുകളുടെ അന്വേഷണറിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും. തുടര്‍ന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. 2 മാസത്തിനിടെ 6 പേര് മരിച്ച കല്ലടിക്കോട് അയ്യപ്പന്‍കാവ്, മുണ്ടുര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിളാണ് പരിശോധനകള്‍ പൂര്‍ത്തീകരിച്ചത്.സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ പനയമ്പാടം സ്വദേശികള്‍ നിദ ഫാത്തിമ, റിദ ഫാത്തിമ, പി എ ഇര്‍ഫാന ഷറിന്‍, എ എസ് അയിഷ എന്നിവരാണ് മരിച്ചത്.
സ്‌കൂളിള്‍ നിന്ന് പരീക്ഷ കഴിഞ്ഞു അഞ്ചു പേരൊന്നിച്ച് മടങ്ങുമ്പോഴാണ് അപകടം. സഹപാഠി അജ്‌ന തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.