അര മണിക്കൂറിനകം പണം ക്രെഡിറ്റ് ആകും….പിന്നെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്…പരസ്യം മറയാക്കി ഒരു ലക്ഷം രൂപയോളം തട്ടിയെടുത്ത….

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയുടെ ഫണ്ട് സമാഹണത്തിനായി നല്‍കിയ പരസ്യം മറയാക്കി ഒരു ലക്ഷം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. കോഴിക്കോട് പെരുമണ്ണ തയ്യില്‍ത്താഴം സ്വദേശി കുന്നന്‍വീട്ടില്‍ മുഹമ്മദ് അഷ്‌റഫി(49)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്പിറ്റലിന്‍റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നല്‍കിയ പത്രപ്പരസ്യമാണ് പ്രതികള്‍ ദുരുപയോഗം ചെയ്തത്.

മലപ്പുറത്തുള്ള എന്‍ആര്‍ഐ ഗ്രൂപ്പിന്‍റെ പേരില്‍ 10 കോടി രൂപ നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ മാനേജ്‌മെന്‍റ് പ്രതിനിധികളെ ബന്ധപ്പെടുകയായിരുന്നു. ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന്റെ രേഖകള്‍ക്കായി 63,800 രൂപ സംഘം കൈപ്പറ്റി. ഇത് കൂടാതെ ഫണ്ട് കൈമാറുന്നതിന് ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ആയി ഒരു കോടി രൂപക്ക് 26,000 രൂപ നിരക്കില്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം 10 കോടി രൂപക്ക് സര്‍വീസ് ചാര്‍ജ്ജായി 2,60,000 രൂപയാണ് ആവശ്യപ്പെട്ടത്.

ഇത്രയും തുക ഒരുമിച്ച് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ അധികൃതര്‍ക്ക് സംശയം തോന്നുകയായിരുന്നു. എന്നാല്‍ ഒരു കോടി രൂപയുടെ സര്‍വീസ് ചാര്‍ജ്ജായി 26,000 രൂപ അയച്ചു തരാനും ശേഷിച്ചത് ഒരു കോടി രൂപ കൈപ്പറ്റിയ ശേഷം മതിയെന്നും പറഞ്ഞതോടെ ഈ തുക അയച്ചു നല്‍കി. അര മണിക്കൂറിനകം പണം ക്രെഡിറ്റ് ആകുമെന്ന് അറിയിച്ച സംഘം പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങുകയായിരുന്നു. ചതി മനസിലാക്കിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി സൈബര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടക്കാവ് പൊലീസും സൈബര്‍ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് അഷ്‌റഫ് പിടിയിലാകുന്നത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷ്, എസ്‌ഐ ലീല വേലായുധന്‍, എഎസ്‌ഐ ശ്രീശാന്ത്, സിപിഒ ശിഹാബുദ്ധീന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button