ഭാര്യ കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയി… ജീവിക്കാൻ പെൺകുഞ്ഞുമായി ഫുഡ് ഡെലിവറി…ഒടുവിൽ യുവാവ് അറസ്റ്റിൽ….
കള്ളംപറഞ്ഞ് സഹതാപം നേടി സോഷ്യൽമീഡിയ താരമായ യുവാവ് അറസ്റ്റിൽ. ചൈനയിലാണ് സംഭവം. ചൈനയിലെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Douyin-ൽ @qianyibaobei എന്ന അക്കൗണ്ടിലൂടെയാണ് യുവാവ് കള്ളം പറഞ്ഞ് ആളുകളുടെ സഹതാപം നേടി താരമായി മാറിയത്. തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരാൾക്കൊപ്പം പോയെന്നും ജീവിക്കാനായി പെൺകുഞ്ഞിനെയും ഒപ്പം കൂട്ടി ഫുഡ് ഡെലിവറി ചെയ്യുകയാണ് താനെന്നുമായിരുന്നു സോഷ്യൽമീഡിയയിലൂടെ യുവാവ് തന്റെ ഫോളോവേഴ്സിനെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ വീഡിയോകൾക്ക് കാഴ്ചക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനായി ഇല്ലാത്ത കാര്യങ്ങൾ പറയുകയായിരുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അമ്മ ഉപേക്ഷിച്ചു പോയ തന്റെ മകളെ പോറ്റാൻ പാടുപെടുന്ന നിസ്സഹായനായ അച്ഛനായാണ് ഇയാൾ സോഷ്യൽ മീഡിയാ ഉപയോക്താക്കൾക്ക് മുന്നിൽ എത്തിയിരുന്നത്. കുഞ്ഞിനൊപ്പം ഭക്ഷണം ഡെലിവറി ചെയ്യുന്ന വീഡിയോകൾ ആയിരുന്നു ഇയാൾ പ്രധാനമായും തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നത്. സഹതാപം നേടിയെടുത്ത് ഇയാൾ 4,00,000 ഫോളോവേഴ്സിനെ നേടിയതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ്റിപ്പോർട്ട് ചെയ്യുന്നത്.
കുട്ടിയുടെ അമ്മ ഉപേക്ഷിച്ചു പോയതിനാൽ തന്റെ പിഞ്ചുകുഞ്ഞിനെ സംരക്ഷിക്കാൻ അശ്രാന്തമായി പരിശ്രമിക്കുന്ന ഒരു പിതാവായാണ് ഇയാൾ സോഷ്യൽ മീഡിയയിൽ സ്വയം ചിത്രീകരിച്ചിരുന്നത്. ഇത്തരത്തിൽ ആളുകളെ കബളിപ്പിക്കുന്നതിനായി നൂറിലധികം വീഡിയോകൾ ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിവൈകാരികമായ കള്ളക്കഥകൾ മെനഞ്ഞ് തന്റെ വീഡിയോകൾ ആളുകളെ കൊണ്ട് ലൈക്ക് ചെയ്യിപ്പിക്കുകയും ഷെയർ ചെയ്യിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ പതിവ്. എന്നാൽ, ഇയാൾ പറഞ്ഞ കഥകൾ അത്രയും നുണയാണെന്നാണ് പോലീസ് പറയുന്നത്.
ഭാര്യ ഉപേക്ഷിച്ചു പോയി എന്ന് അവകാശപ്പെടുന്ന ഇയാളുടെ ഭാര്യ ഇയാൾക്കും കുഞ്ഞിനും ഒപ്പം തന്നെയുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ഇയാൾ ഭക്ഷണം വിതരണം ചെയ്യുന്ന വ്യക്തിയോ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വ്യക്തിയോ അല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. ഭാര്യക്കും കുഞ്ഞിനും ഒപ്പം ഏറെ സന്തോഷകരമായ ജീവിതമാണ് ഇയാൾ നയിച്ചുകൊണ്ടിരുന്നതെന്ന് പോലീസ് പറയുന്നു.
വഞ്ചനാപരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൃഷ്ടിച്ചതിനും പൊതുക്രമസമാധാനത്തിന് ഭംഗം വരുത്തിയതിനുമാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ 10 ദിവസത്തെ തടവിനും 500 യുവാൻ(5,000 രൂപയിലേറെ) പിഴയും ചുമത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.