മീറ്ററിടാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല…ആളറിയാതെ ഇറക്കിവിട്ടത് എഎംവിഐയെ… ഓട്ടോ ഡ്രൈവർക്ക് കിട്ടിയത് ‘എട്ടിൻ്റെ പണി’….

ഓട്ടം വിളിച്ച യാത്രക്കാരന്‍ മീറ്ററിടാന്‍ പറഞ്ഞത് ഇഷ്ടമാകാത്തതിനെ തുടർന്ന് യാത്രികനെ ഇറക്കിവിട്ട ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ആര്‍ടിഒ ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് ഓട്ടോ ഡ്രൈവർ നടുറോഡിൽ ഇറക്കി വിട്ടത്. ഇറക്കിവിട്ടതിന് ശേഷം ഓട്ടോയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ഓഫീസറോട് ഡ്രൈവര്‍ മോശമായി സംസാരിച്ചെന്നും വിവരമുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് അറിയാതെ ആയിരുന്നു ഡ്രൈവറുടെ ഇടപെടൽ.

നെടുമ്പാശ്ശേരി സ്വദേശി വിസി സുരേഷ് കുമാറിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പുറമെ ഓട്ടോ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് പിഴയും ചുമത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അത്താണി ഭാ​ഗത്തേയ്ക്കാണ് ഉദ്യോ​ഗസ്ഥൻ ഓട്ടോ വിളിച്ചത്. യാത്രക്കൂലിയായി 180 രൂപ ആവശ്യപ്പെട്ട ഡ്രൈവറോട് അഞ്ച് കിലോ മീറ്ററില്‍ താഴെയുള്ള ഓട്ടമായതിനാല്‍ 150 രൂപ തരാമെന്ന് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഡ്രൈവർ സമ്മതിക്കാത്തതിനെ തുടർന്ന് മീറ്ററിടാന്‍ ഉദ്യോ​ഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഡ്രൈവർ ഉദ്യോ​ഗസ്ഥനെ ഓട്ടോയിൽ നിന്നും ഇറക്കിവിടുകയായിരുന്നു. ഡ്രൈവർ യൂണിഫോം ധരിക്കാതെയാണ് ഓട്ടോ ഓടിക്കാനെത്തിയത്.

Related Articles

Back to top button