രഞ്ജിത്തിനെതിരായ പീഡന പരാതി…പരാതിക്കാരനെതിരെ കോടതി….
സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡന പരാതിയിൽ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകർപ്പിന്റെ വിശദാശങ്ങൾ പുറത്ത്. പരാതിക്കാരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് കർണാടക ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തത്. രഞ്ജിത്തിനെതിരെ പരാതി നൽകിയ യുവാവ് പറയുന്നത് പച്ചക്കള്ളമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ബംഗളുരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് യുവാവ് പീഡനം നേരിട്ടുവെന്ന് പറയുന്ന വർഷം 2012 ആണ്. എന്നാൽ എയർപോർട്ടിന് അടുത്തുള്ള താജ് തുടങ്ങിയത് 2016-ൽ മാത്രമാണ്. അതിനാൽ ഈ താജ് ഹോട്ടലിന്റെ നാലാം നിലയിൽ വെച്ച് നടന്നുവെന്ന് പറയുന്ന പരാതി വിശ്വസനീയമല്ല. പരാതിക്കാരൻ 12 വർഷത്തിന് ശേഷമാണ് പരാതി നൽകിയത്. എന്ത് കൊണ്ട് പരാതി നൽകാൻ ഇത്ര വൈകി എന്നതിനും വിശദീകരണമില്ല. പരാതിയിൽ പറയുന്ന എല്ലാ കാര്യങ്ങളും വ്യാജമെന്ന് കരുതേണ്ടി വരുമെന്നും അതിനാൽ കേസന്വേഷണത്തിന് സ്റ്റേ അനുവദിക്കുന്നുവെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.