കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിൽ…ചുവന്ന തുണിയിൽപൊതിഞ്ഞ കുഞ്ഞുശരീരത്തിൽ നിന്നും ദുർഗന്ധവും….
നെല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. ഇന്നു പുലർച്ചെയാണ് കൊയിലാണ്ടി നെല്യാടി പുഴയിൽ മത്സ്യബന്ധനത്തിന് പോയവർ പൊക്കിൾക്കൊടി പോലും അറുത്തുമാറ്റാത്ത നിലയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതനുസരിച്ച് പൊലീസും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ചുവന്ന തുണിയിൽപ്പൊതിഞ്ഞ് അര ഭാഗം മാത്രം കാണുന്ന നിലയിലായിരുന്നു നവജാതശിശുവിന്റെ മൃതദേഹം കാണപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അടുത്തുചെന്ന് നോക്കിയപ്പോൾ അഴുകിയ ഗന്ധം അനുഭവപ്പെട്ടു. ഇക്കാര്യം പോലീസിനെ അറിയിച്ചു. പോലീസും ഫയർ ഫോഴ്സും ചേർന്നാണ് മൃതദേഹം കരയ്ക്കടുപ്പിച്ചതെന്നും അവർ പറഞ്ഞത്.
“മുത്താമ്പി, നടേരി, നെല്യാടി എന്നീ പാലങ്ങൾ സമീപത്തുണ്ട്. മൃതദേഹം ഈ ഭാഗങ്ങളിൽ എവിടെ നിന്നെങ്കിലും ഒഴുകി വന്നതായിരിക്കാം. ഞങ്ങൾ കാണുമ്പോൾ ഇത് പുഴയോട് ചേർന്നുള്ള പുല്ലിൽ തട്ടി നിൽക്കുകയായിരുന്നു. ഒഴുകിപ്പോവാതിരിക്കാനുള്ള വഴി നോക്കിയിട്ടാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹത്തിൽനിന്ന് ചെറുതായി ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നെങ്കിലും അധികം പഴക്കമുള്ളതായി തോന്നിയില്ല.” അവർ വിശദീകരിച്ചു.
കൊയിലാണ്ടി എസ്.ഐ. മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയർഫോഴ്സും എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.