മകൻ മരിച്ചതിന് പിന്നിൽ മന്ത്രവാദികൾ.. പട്ടാപ്പകൽ ഗുണ്ടാനേതാവ് കൊന്നുതള്ളിയത് നൂറിലേറെ പേരെ….
മകൻ അസുഖബാധിതനായി മരിച്ചതിന് മന്ത്രവാദമെന്ന് പറഞ്ഞ് പട്ടാപ്പകൽ ഗുണ്ടാനേതാവ് കൊന്നുതള്ളിയത് നൂറിലേറെ പേരെ. ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഔ പ്രിൻസിലാണ് ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിൽ മന്ത്രവാദികളെന്ന് ആരോപിച്ച് ആളുകളെ കൊന്ന് തള്ളിയത്. കുപ്രസിദ്ധമായ പ്രാദേശിക ഗുണ്ടാ നേതാവിന്റെ മകൻ അടുത്തിടെ അസുഖ ബാധിതനായി മരിച്ചിരുന്നു. മകന്റെ ദുരൂഹമായ അസുഖത്തിന് പിന്നിൽ പ്രാദേശികരായ മുതിർന്ന മന്ത്രവാദികളെന്ന് ഒരു വൂഡൂ പുരോഹിതൻ ആരോപിച്ചതിന് പിന്നാലെയാണ് ഗുണ്ടാ നേതാവിന്റെ കണ്ണില്ലാത്ത ക്രൂരത.
ഗുണ്ടാ സംഘങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ മൂലം ഈ വർഷം മാത്രം ഇവിടെ കൊല്ലപ്പെട്ടത് 5000ൽ ഏറെ ആളുകളെന്നാണ് മനുഷ്യാവകാശ സംഘടനകൾ വിശദമാക്കുന്നത്. ഒരു ആഴ്ചയ്ക്കുള്ളിൽ ഇവിടെ കൊല്ലപ്പെട്ടത് 184 പേരാണെന്നാണ് യുഎൻ മനുഷ്യാവകാശ സംഘടന വിശദമാക്കുന്നത്. പോർട്ട് ഔ പ്രിൻസിലും സമീപ സ്ഥലമായ സൈറ്റേ സോളേലിലുമാണ് കൊലപാതകം നടന്നിട്ടുള്ളത്. അറുപത് വയസിന് മുകളിൽ പ്രായമുള്ള ആളുകളെ തെരഞ്ഞ് പിടിച്ച് കൊണ്ടുവന്ന ശേഷം ഇവരെ വടിവാളിനും കത്തിക്കും ആക്രമിച്ച ശേഷം വെടിവച്ചാണ് കൊലപ്പെടുത്തിയത്.