വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചതില്‍ പ്രതികരണവുമായി ആശ ശരത്ത്…
സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ നടി പ്രതിഫലം ചോദിച്ചതിനെ വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചതില്‍ പ്രതികരണവുമായി നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. താൻ പ്രതിഫലം വാങ്ങാതെയാണ് കുട്ടികൾക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയതെന്നും എന്നാല്‍ പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ആശ ശരത്ത് പറഞ്ഞു.
“ഞാന്‍ പ്രതിഫലം വാങ്ങിക്കാതെയാണ് കുട്ടികൾക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്. എല്ലാം സ്വന്തം ചെലവിലായിരുന്നു. പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഓരോ കലാകാരിയുടെയും മൂല്യം അവർ തീരുമാനിക്കുന്നതാണല്ലോ. കഴിഞ്ഞ കലോത്സവത്തിന് കുട്ടികൾകൊപ്പം നൃത്തം ചെയ്യുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കലോത്സവത്തിലൂടെ വളർന്നു വരുന്നത് നമ്മുടെ അഭിമാന താരങ്ങളാണ്”. ഇത്തവണയും കലോത്സവത്തിനു എത്താൻ ആഗ്രഹം ഉണ്ടെന്നും ആശ ശരത്ത്പറഞ്ഞു.