സോഫ്റ്റ് വെയർ എഞ്ചിനീയർ എന്ന വ്യാജേന യുവതിയിൽ നിന്ന് 15 ലക്ഷം തട്ടി.. ടാപ്പിങ് തൊഴിലാളി അറസ്റ്റിൽ….

സോഫ്റ്റ് വെയർ എഞ്ചിനീയർ എന്ന വ്യാജേന യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്ത ടാപ്പിങ് തൊഴിലാളി അറസ്റ്റിൽ. കൊട്ടാരക്കര ഉമ്മന്നൂർ വാളകം പൊയ്ക വിളയിൽ ആർ സുരേഷ് കുമാർ(49) ആണ് അടൂർ പൊലീസിൻറെ പിടിയിലായത്. വീടും സ്ഥലവും വാങ്ങി തരാം എന്നു പറഞ്ഞാണ് എംടെക്കുകാരിയായ യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയത്.

സാമൂഹ്യമാധ്യമം വഴി അനൂപ് ജി പിള്ള എന്ന പേരിൽ വ്യാജ പ്രൊഫൈൽ വഴിയാണ് സുരേഷ് കുമാർ യുവതിയുമായി പരിചയപ്പെടുന്നത്. തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ കമ്പനിയിലാണ് ജോലി എന്നാണ് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് തിരുവനന്തപുരത്ത് ലാഭത്തിൽ വീടും സ്ഥലവും വാങ്ങി നൽകാമെന്ന് പറയുകയും പല വീടുകളുടേയും ചിത്രങ്ങൾ ഇയാൾ അയക്കുകയും ചെയ്തു. തുടർന്ന് വീടിന് അഡ്വാൻസ് നൽകാനെന്ന പേരിൽ പണം ആവശ്യപ്പെട്ടു.

തൻറെ ബാങ്ക് അക്കൌണ്ടിന് ചില പ്രശ്നങ്ങളുണ്ടെന്നും അതിനാൽ വീട്ടിലെ റബ്ബർ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടാനും ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് ആദ്യം ഇരുപത്തി അയ്യായിരം രൂപ യുവതി അയച്ചു. പിന്നീട് പലപ്പോഴായി 15 ലക്ഷം രൂപ ഇയാൾ യുവതിയിൽ നിന്നും വാങ്ങി. പിന്നീട് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ കവടിയാറിൽ എത്തിയ യുവതി അനൂപ് ജി പിള്ളയെ അന്വേഷിച്ചു.അങ്ങനൊരാൾ ഇല്ലെന്ന് മനസിലായതോടെയാണ് സംഭവം തട്ടിപ്പാണെന്ന് യുവതി തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

Back to top button