പുതിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം.. ആനയില്ലാതെ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധം…
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾക്കെതിരെ ത്യശ്ശൂർ ആറാട്ടുപുഴ ക്ഷേത്രത്തിന് മുന്നിൽ പ്രതീകാത്മകമായി പൂരം നടത്തി പ്രതിഷേധം.പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി പഞ്ചാരിമേളം നടത്തിയായിരുന്നു പ്രതിഷേധം.ആറാട്ടുപുഴ പൂരത്തില്‍ നടത്തുന്ന മേളത്തിന് സമാനമായിട്ടാണ് പ്രതീകാത്മക പഞ്ചാരിമേള പ്രതിഷേധം നടത്തിയത്.. ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രമുറ്റത്ത് 15 ആനയുടെ ചമയം, കൈപന്തം, പഞ്ചാരിമേളം എന്നിവ നിരത്തിയായിരുന്നു പൂരം സംഘടിപ്പിച്ചത്.
ആനകളുടെ നെറ്റിപ്പട്ടവും വെൺചാമരവും ആലവട്ടവും മുത്തുക്കുടയും അലങ്കാരങ്ങളും നിരത്തിയാണ് പ്രതീകാത്മക പൂരം നടന്നത്. 101 ആനകൾ നിരന്നുനിന്നിരുന്ന കാലമുണ്ടായിരുന്ന ആറാട്ടുപുഴ പൂരത്തിന് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതോടെ ത്യശ്ശൂർപൂരത്തിനേക്കാൾ പഴമയുള്ള ആരാട്ടുപുഴ പൂരത്തിന്റെ ശോഭ കെട്ടുപോകുന്നതിൽ പ്രതിക്ഷേധിച്ചാണ് പ്രതീകാത്മക പൂരം നടത്തുന്നതെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.ഉത്സവങ്ങളും ആഘോഷങ്ങളും സംരക്ഷിക്കുക, ആന എഴുന്നള്ളിപ്പ് സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ആന ആചാരത്തിന്റെ ഭാഗമല്ലെന്നും രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധിയെന്ന മാനദണ്ഡത്തില്‍ ഒരിളവും ഉണ്ടാകില്ലെന്നും ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് തൃശ്ശൂരിലെ വിവിധ ക്ഷേത്രം കമ്മിറ്റികള്‍ പ്രതിഷേധം കടുപ്പിച്ചത്.