മൂടൽ മഞ്ഞിനിടയിലൂടെ സിനിമ സ്റ്റൈലിൽ ചേസിങ്…. ആംബുലൻസ് മോഷ്ടാവിനെ പിന്തുടർന്ന പൊലീസ് ഒടുവിൽ…
പുലർച്ചെ നാലു മണിക്ക് മൂടൽ മഞ്ഞിനിടയിലൂടെ സിനിമ സ്റ്റൈലിൽ ആംബുലൻസ് മോഷ്ടാവിനെ പിന്തുടർന്ന പൊലീസ് ഒടുവിൽ കള്ളനെ പിടികൂടി. ഹയാത്നഗറിലെ ആശുപത്രിയിൽ നിന്ന് 108 ആംബുലൻസുമായി രക്ഷപ്പെടുന്നതിനിടെയാണ് ശനിയാഴ്ച പുലർച്ചെ സൂര്യപേട്ട് ജില്ലയിലെ തെക്കുമത്ല ഗ്രാമത്തിൽ തെലങ്കാന പൊലീസ് മോഷ്ടാവിനെ പിടികൂടിയത്.
സ്വകാര്യ ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ച ശേഷം ഡ്രൈവർ ഗേറ്റിന് സമീപം ആംബുലൻസ് നിർത്തിയിരിക്കുകയായിരുന്നു. അവിടെ നിന്നാണ് ആംബുലൻസുമായി കള്ളൻ കടന്നത്. മോഷണ വിവരം ലഭിച്ചതിനെത്തുടർന്ന് ഉടൻതന്നെ രാച്ചകൊണ്ട പൊലീസ് കമ്മീഷണറേറ്റിലേക്കും സൂര്യപേട്ട് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും വയർലെസ് സന്ദേശം അയച്ചു.
തിരച്ചിൽ തുടങ്ങിയ പൊലീസ് ഹൈദരാബാദ്-വിജയവാഡ ഹൈവേയിൽ വാഹനം കണ്ടെത്തി. ഹൈവേയിലേക്ക് ആംബുലൻസ് കടക്കുകയാണെന്ന് അറിഞ്ഞപ്പോൾ പൊലീസ് ആദ്യം ചിത്യാലയിൽ വെച്ച് തടയാൻ ശ്രമിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോൺ റെഡ്ഡിയെയും സംഘത്തേയും ഇടിച്ച് തെറിപ്പിച്ച വാഹനം അമിത വേഗത്തിൽ കുതിക്കുകയായിരുന്നു. കനത്ത മൂടൽമഞ്ഞിനെ വകവെക്കാതെ പിന്തുടർന്ന പൊലീസ് കേതേപ്പള്ളി വില്ലേജിലെ കോർലപാഡു ടോൾ ഗേറ്റിന് സമീപം ഹൈവേയിൽ ലോറികൾ നിർത്തി ആംബുലൻസ് തടയുകയായിരുന്നു.
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോൺ റെഡ്ഡിയുടെ നില ഗുരുതരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മോഷ്ടാവ് ചില കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.