ആഭ്യന്തര വകുപ്പിനായി പിടിമുറുക്കി ഏക്നാഥ് ഷിൻഡെ; ‘പൊലീസിനെ’ ബിജെപി വിട്ടുകൊടുക്കുമോ?
മഹാരാഷ്ട്രയി മന്ത്രിസഭാ രുപീകരണ ചർച്ചകൾ തകൃതിയായി മുന്നോട്ടുപോകവെ, ആഭ്യന്തര വകുപ്പ് തനിക്ക് വേണമെന്ന് ഏക്നാഥ് ഷിൻഡെ സഖ്യനേതാക്കളെ അറിയിച്ചതായി ശിവസേന നേതാവ്. എംഎൽഎ ആയ ഭാരത് ഗോഗാവലെ ആണ് ഷിൻഡെ ആഭ്യന്തര വകുപ്പിനായി അവകാശവാദം ഉന്നയിച്ചതായി സൂചിപ്പിച്ച് രംഗത്തെത്തിയത്.
പിടിഐയോടായിരുന്നു ഗോഗാവലെയുടെ പ്രതികരണം. ‘ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം അധ്യാന്തരവകുപ്പും കൈവശം വെച്ചിരുന്നു. അതുപോലെതന്നെയാണ് ഷിൻഡെ സാഹിബും ആവശ്യപ്പെടുന്നത്. മോദിയോടും അമിത് ഷായോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഒരു തീരുമാനമുണ്ടാകുമെന്നാണ് അറിയിച്ചിരുക്കുന്നത്’; ഗോഗാവലെ പറഞ്ഞു. സംസ്ഥാനത്തിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ആയെങ്കിലും മന്ത്രിസഭയുടെ കാര്യത്തിലും വകുുപ്പുകളുടെ കാര്യത്തിലും ഇനിയും അന്തിമ തീരുമാനമായിട്ടില്ല. ആഭ്യന്തരം ശിവസേനയ്ക്ക് വിട്ടുനൽകാൻ ബിജെപി തയ്യാറാകുമോ എന്നതാണ് ഇനി നോക്കിക്കാണേണ്ടത്.