85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയ സ്കൂളുകളും…കേരളത്തിൽ പുതിയ വിദ്യാലയം വരുന്നത് ഇവിടെ…

രാജ്യത്ത് 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ ക്യാബിനറ്റിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് പുറമേ നിലവിലുള്ള കെ.വികളുടെ പശ്ചാത്തല വികസനത്തിനായി 5872 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 28 പുതിയ നവോദയ വിദ്യാലയങ്ങൾ ആരംഭിക്കാനും യോ​ഗം അനുമതി നൽകി.

അമ്പതിനായിരത്തിലധികം വിദ്യാർത്ഥികൾക്കാണ് പുതിയ സ്കൂളുകൾ ആരഭിക്കുന്നതിന്റെ ഗുണം ലഭിക്കുക. അതോടൊപ്പം ഏകദേശം 5,388 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടും. കേരളത്തിലും ഒരു പുതിയ കേന്ദ്രീയ വിദ്യാലയം വരും. കേരളത്തിൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് പുതിയതായി കെവി സ്ഥാപിക്കുന്നത്.

കേന്ദ്ര സർക്കാർ/പ്രതിരോധ ജീവനക്കാരുടെ മക്കൾക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നതിനായി 1962 നവംബറിലാണ് കേന്ദ്രീയ വിദ്യാലയം പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകുന്നത്. നൂതനവും ഗുണനിലവാരമുള്ളതുമായ അദ്ധ്യാപനവും കാലികമായ അടിസ്ഥാന സൗകര്യങ്ങളും കാരണം കേന്ദ്രീയ വിദ്യാലയങ്ങൾ ഏറ്റവും കൂടുതൽ ഡിമാന്റുള്ള സ്‌കൂളുകളാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. എല്ലാ വർഷവും കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

Related Articles

Back to top button