വാടക വീട് പണയത്തിന് മറിച്ചു കൊടുത്ത പ്രതികൾ പിടിയിൽ…
അമ്പലപ്പുഴ: വാടകയ്ക്ക് എടുത്ത വീട് സ്വന്തം വീടാണെന്ന് തെറ്റിദ്ധരിപ്പിച്ച് മറിച്ച് പണയത്തിന് കൊടുത്തു വിശ്വാസവഞ്ചന ചെയ്ത പ്രതികൾ അറസ്റ്റിൽ. അമ്പലപ്പുഴ വില്ലേജിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം വെളിം പറമ്പ് വീട്ടിൽ കുഞ്ഞുമോൻ്റെ മകൻ മാഹീൻകുട്ടി ( 53), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡ് അരീശ്ശേരി വീട്ടിൽ ഗോപിദാസിൻ്റെ മകൻ ഗോപിഷ് ( 30 ), പുന്നപ്ര തെക്ക് പഞ്ചായത്ത് 8-ാം വാർഡ് കുറവൻ തോട് സീനത്ത് മൻസിലിൽ മുഹമദ് അലിയുടെ മകൻ സലീം ( 45 ) എന്നിവരെ ആണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ ദാസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ 3 മുതലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
നീർക്കുന്നം സ്വദേശിയായ സുസ്മിതനിൽ നിന്നും ഒന്നാം പ്രതി മാഹീൻ 50000 അഡ്വാൻസും, 8000 രൂപ മാസ വാടകയ്ക്ക് 11 മാസത്തേക്ക് കരാർ എഴുതിയ ശേഷം രണ്ടാം പ്രതി ഗോപിക്ക് 3,50,000 രൂപക്ക് മൂന്നാം പ്രതി സലീമിനെ സാക്ഷിയാക്കി പണയത്തിന് കൊടുത്ത് ആൾമാറാട്ടം നടത്തി വിശ്വാസ വഞ്ചന ചെയ്യുകയായിരുന്നു. വാടക കരാർ കഴിഞ്ഞിട്ടും വീട് മാറാതെ വിശ്വാസ വഞ്ചന ചെയ്തതിനെ തുടർന്ന് സുസ്മിതൻ്റെ പരാതിയിൻമേൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും, പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ ദാസിൻ്റെ നേതൃത്വത്തിൽ ജി.എസ്.ഐ ഷാജി, സിവിൽ പൊലീസ് ഓഫീസർ അബ്ദുൾ റൗഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.