സി.പി.എം മാവേലിക്കര ഏരിയ സമ്മേളനം തുടങ്ങി, നാളെ സമാപിക്കും
മാവേലിക്കര- സി.പി.എം മാവേലിക്കര ഏരിയ സമ്മേളനം ചെട്ടികുളങ്ങരയിൽ തുടങ്ങി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്‌തു. ബദൽ നയങ്ങൾ നടപ്പാക്കുന്ന കേരളത്തിലെ ഇടതു സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും ബിജെപിയും നടത്തുന്നതെന്ന് ആർ.നാസർ പറഞ്ഞു. ഇടത് സർക്കാരിനെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുകയാണ്. എല്ലാ പ്രതിസന്ധികളെയും സർക്കാരും പാർട്ടിയും അതിജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രക്തസാക്ഷി മണ്ഡപത്തിലെ പുഷ്‌പാർച്ചയ്ക്ക് ശേഷം മുതിർന്ന പ്രതിനിധി ആർ.ഗംഗാധരൻ പതാക ഉയർത്തി. ജി.അജയകുമാർ അനുസ്‌മരണ പ്രമേയവും എ.എം ഹാഷിർ രക്തസാക്ഷി പ്രമേയവും എസ്.അനിരുദ്ധൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ ആർ.ഹരിദാസൻ നായർ സ്വാഗതം പറഞ്ഞു. കെ.മധുസൂദനൻ കൺവീനറും അഡ്വ.ജി.അജയകുമാർ, സിബി വർഗീസ്, രജനി ജയദേവ്, എം.എസ് അരുൺകുമാർ എം.എൽ.എ എന്നിവർ അംഗങ്ങളുമായുള്ള പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയ സെക്രട്ടറി ജി.അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി.ഹരിശങ്കർ, എ.മഹേന്ദ്രൻ, കെ.എച്ച് ബാബുജാൻ, കെ.രാഘവൻ, ജി.രാജമ്മ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കോശി അലക്‌സ്, ലീല അഭിലാഷ്, മുരളി തഴക്കര എന്നിവർ പങ്കെടുത്തു.
ലോക്കൽ സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 120 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളും അടക്കം 141 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്‌ക്കുശേഷം പൊതുചർച്ച നടന്നു. നാളെ സമ്മേളനം തുടരും. ചർച്ചയ്‌ക്കുള്ള മറുപടിക്ക് ശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട് പൊതുസമ്മേളനം നടക്കും. 4ന് ചെറുകര ആലുംമൂട് ജംഗ്ഷനിൽ നിന്ന് പ്രകടനവും റെഡ് വാളണ്ടിയർ മാർച്ചും തുടങ്ങും. ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷനിൽ 5ന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജിചെറിയാൻ ഉദ്ഘാടനം ചെയ്യും.