ആദ്യം കണ്ടത് മുഹമ്മദ് ഇബ്രാഹിമിനെ, പക്ഷേ മനസ്സിലായില്ല…സിനിമയ്ക്ക് കൂട്ടുകാർക്കൊപ്പം കാറിൽ പോകാൻ തീരുമാനിച്ചിരുന്നെങ്കിലും വീട്ടിൽ നിന്നും വിളി വന്നു….കളർകോട് അപകടത്തിൽ ….

ആലപ്പുഴ: നാടിനെ നടുക്കിയ കളർകോട് അപകടത്തിൽ അഞ്ചു മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവനാണ് പൊലിഞ്ഞത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഗുരുതവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. എന്നാൽ വീട്ടിൽ നിന്നുള്ള ഫോൺകോൾ ജീവിതത്തിലേയ്ക്ക് തന്നെയുള്ള വിളിയായി മാറിയിരിക്കുകയാണ് കോഴിക്കോട് സ്വദേശി അശ്വിത്തിനും ദേവദീപിനും. സിനിമയ്ക്ക് കൂട്ടുകാര്‍ക്കൊപ്പം കാറില്‍ പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും അശ്വത്തിന്റെ വീട്ടിൽ നിന്നും വിളി വന്നു. സംസാരം നീണ്ടപ്പോള്‍ വൈകിയാലോ എന്നു കരുതി ഒപ്പമുള്ളവരോടു പുറപ്പെട്ടോളാന്‍ പറഞ്ഞു. അശ്വിത്ത് തനിച്ചാകുമല്ലോ എന്നുകരുതിയാണ് ദേവദീപും കാറിൽ കയറാതിരുന്നത്. തങ്ങള്‍ ബൈക്കില്‍ വന്നോളാമെന്നും ഇവര്‍ ബാക്കിയുള്ളവരോടു പറഞ്ഞു.

അപകടം നടന്ന കളര്‍കോട് ഭാഗത്ത് വാഹനങ്ങള്‍ പോലീസ് വഴിതിരിച്ചു വിടുന്നതുകണ്ട് ഇറങ്ങി നോക്കി. സഹപാഠികള്‍ പോയത് ടവേരയിലാണെന്ന് അറിയുന്നതിനാല്‍ അടുത്തുചെന്നു നോക്കി. അന്നേരം, വാഹനം വെട്ടിപ്പൊളിച്ച് ഉള്ളിലുള്ളവരെ പുറത്തെടുക്കുകയായിരുന്നു. ആദ്യം കണ്ടത് മുഹമ്മദ് ഇബ്രാഹിമിനെയാണ്. പക്ഷേ മനസ്സിലായില്ല. മുഹമ്മദ് ഇബ്രാഹിം ഇവര്‍ക്കൊപ്പമെത്തിയിട്ട് 20 ദിവസമേ ആയിരുന്നുള്ളൂ. രക്തത്തില്‍ കുളിച്ചുകിടന്ന ആരെയും തിരിച്ചറിയാനായില്ലെന്ന് അശ്വിത്ത് പറഞ്ഞു.

അപകടത്തില്‍പ്പെട്ടത് കൂട്ടുകാരല്ലെന്ന വിശ്വാസത്തില്‍ ഇരുവരും യാത്ര തുടര്‍ന്നു. എവിടെ എത്തിയെന്ന് തിരക്കുന്നതിനു പലരുടെയും നമ്പറിലേക്ക് തുടര്‍ച്ചയായി വിളിച്ചെങ്കിലും ആരുമെടുത്തില്ല. അപ്പോഴേക്കും സമയം 9.45 ആയി. സിനിമ തുടങ്ങിക്കാണുമെന്നു കരുതി. ഒടുവില്‍, എല്ലാവരും ഒരുപോലെ ഫോണെടുക്കാതിരിക്കുമോ എന്ന സംശയത്തില്‍ ഇവര്‍ കോളേജിലേക്കു തിരികെപ്പോയി.

പരിക്കേറ്റവരെ കൊണ്ടുപോയ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ ആദ്യം മുഹമ്മദ് ഇബ്രാഹിമിന്റെയും മുഹമ്മദ് അബ്ദുള്‍ ജബ്ബാറിന്റെയും ശരീരങ്ങളാണു കണ്ടത്. അപ്പോഴും ഇവര്‍ തിരിച്ചറിഞ്ഞില്ല. ഫുട്ബാള്‍ കളിക്കാന്‍ പോയ ഏതോ യുവാക്കള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് ആശുപത്രിക്കാരും കരുതിയിരുന്നത്.

തൊട്ടടുത്ത് കിടത്തിയിരുന്ന മറ്റൊരാളെ കണ്ടപ്പോഴാണ് ശ്രീദീപാണെന്നും മറ്റുള്ളവര്‍ സഹാപാഠികളാെണന്നും മനസ്സിലായത്. അശ്വിത്ത് പേയിങ് ഗസ്റ്റായി പുറത്താണ് താമസിക്കുന്നത്. ബാക്കിയുള്ളവര്‍ കോളേജ് ഹോസ്റ്റലിലും.

Related Articles

Back to top button