നാടിറങ്ങി കാട്ടാന കൂട്ടം… ഭീതിയോടെ ജനം.. കണ്ടില്ലെന്ന് നടിച്ച് അധികാരികൾ…
വയനാട്ടിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. പുതിയപാടി, പാടിവയൽ പ്രദേശത്താണ് കാട്ടന ശല്യം രൂക്ഷമായിരിക്കുന്നത്. നസ്രാണിക്കാടിറങ്ങി വരുന്ന കാട്ടാനകൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർത്തുന്നത്. റോഡിലും കൃഷിയിടങ്ങളിലുമെല്ലാം കാട്ടാനകളുടെ സാന്നിധ്യം പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മൂപ്പൈനാട് പഞ്ചായത്തിലെ കടച്ചിക്കുന്ന്, കാടാശ്ശേരി, പാടിവയൽ, പുതിയപാടി എന്നിവിടങ്ങളാണ് കാട്ടാന സാന്നിധ്യം പതിവായിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പുതിയപാടി പരിസരത്തെ തേയിലത്തോട്ടത്തിൽ കൂട്ടമായെത്തിയ ആനകൾ ഞായറാഴ്ച വരെ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ജനങ്ങളുടെ പരാതിയെ തുടർന്ന് ആനകളെത്തിയാൽ വനംവകുപ്പും എത്തുമെങ്കിലും തുരത്തിയതിന് ശേഷം മണിക്കൂറുകൾക്കകം തന്നെ മടങ്ങിയെത്തുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്-ഊട്ടി അന്തർസംസ്ഥാനപാത മുറിച്ചുകടന്ന് വരികയായിരുന്നു കാട്ടാനയുടെ മുന്നിൽനിന്ന് ബൈക്ക് യാത്രികൻ തലനാരിഴക്കാണ് രക്ഷപ്പെടുകയായിരുന്നു. ഇത് കാരണം പകൽ വാഹനങ്ങളിൽ പോലും ഈ റൂട്ടിൽ സഞ്ചരിക്കാൻ ഭയക്കുകയാണ് യാത്രക്കാർ. മുമ്പ് ജനവാസ പ്രദേശങ്ങളിലേക്ക് കാട്ടാനകൾ എത്തുന്ന പതിവുണ്ടായിരുന്നില്ലെന്ന് നാട്ടുകാരൻ നിസാർ പറഞ്ഞു.
ജനവാസമേഖലയിലൂടെ ഏറെ ദൂരം സഞ്ചരിക്കുന്ന കാട്ടാനകൾ വ്യാപക കൃഷിനാശമാണ് പ്രദേശത്ത് വരുത്തിവെക്കുന്നത്. പാടിവയൽ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടം ദിവസങ്ങൾക്ക് മുമ്പ് എത്തിയ ആനകൾചവിട്ടിമെതിച്ചു. വനാതിർത്തിയിൽ സ്ഥാപിച്ച ഫെൻസിങ് തകർത്താണ് കാട്ടാന കൃഷിയിടത്തിൽ കയറിയത്. ഏത് സമയം വേണമെങ്കിലും കാട്ടാനക്കൂട്ടത്തിന് മുന്നിലകപ്പെടാമെന്ന് ഭീതിയിൽ കാർഷിക ജോലികൾക്ക് പണിക്കാരെ ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
അഥവാ തൊഴിലാളികൾ ജോലിക്കെത്തിയാൽ തന്നെ തോട്ടത്തിലേക്ക് സ്ത്രീ തൊഴിലാളികൾ അടക്കമുള്ളവരെ പറഞ്ഞയക്കാൻ പേടിയാണ് പലർക്കും. സ്കൂൾവിദ്യാർഥികൾക്ക് പോലും യാത്രചെയ്യാൻ സാധിക്കാത്ത തരത്തിൽ കാട്ടാനശല്യം വർധിച്ചിട്ടും ശാശ്വത പരിഹാരം കാണാത്ത പഞ്ചായത്ത് അധികാരികളുടെയും വനംവകുപ്പിന്റെയും നടപടികൾക്കെതിരെ അന്തർസംസ്ഥാനപാത ഉപരോധിക്കാനുള്ള നീക്കത്തിലാണിവർ.