ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ ആൾമാറാട്ടം….ആലപ്പുഴ സ്വദേശിയായ അധ്യാപകന്റെ പണം തട്ടിയ യുവാവ് അറസ്റ്റിൽ…..
അമ്പലപ്പുഴ: ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തി പതിമൂന്ന് ലക്ഷത്തി അറുപത്തി ഏഴായിരം രൂപ (13,67,000) വഞ്ചിച്ചെടുത്ത പ്രതികളിലൊരാൾ അറസ്റ്റിൽ. ആലപ്പുഴ നെടുമുടി സ്വദേശിയായ അധ്യാപകന്റെ പണമാണ് ഇവർ തട്ടിച്ചെടുത്തത്. മെസഞ്ചർ ആപ്ലിക്കേഷൻ വഴി ബന്ധപ്പെട്ട് ടൂർ പാക്കേജ്ജ് കമ്പനിയുടെ റിവ്യൂ ചെയ്ത് വീട്ടിലിരുന്ന് ഓൺലൈൻ വഴി ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. പ്രതികൾ അയച്ചുകൊടുത്ത ലിങ്ക് വഴി പരാതിക്കാരനെ ടൂർ പാക്കേജ് കമ്പനിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് അതിലെ വിവിധ സ്ഥലങ്ങളിൽ ടൂർ പാക്കേജ്ജിൽ സെലക്ട് ചെയ്യുന്നതിനും റിവ്യൂ ചെയ്യുന്നതിനും പ്രതിഫലം കിട്ടിയതായി കാണിക്കുകയും ഈ തുക പിൻവലിക്കണം എങ്കിൽ പണം അടച്ച് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്താണ് ഇവർ പല അക്കൗണ്ടുകളിൽ 8 തവണകളിലായി 13 ലക്ഷത്തി അറുപത്തി ഏഴായിരം രൂപ അധ്യാപകനിൽ നിന്നും അയച്ചു വാങ്ങിയത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡി. സി. ആർ .ബി .ഡി.വൈ.എസ്.പി സജിമോന്റെ മേൽനോട്ടത്തിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്, എസ്.ഐ ശ്രീധരൻ വി.എസ്, സി.പി.ഓ മാരായ ജേക്കബ് സേവ്യർ, അജിത്ത് എ. എം എന്നിവർ മലപ്പുറം തിരൂരിൽ നിന്നാണ് മലപ്പുറം ജില്ലയിൽ തലക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ കാക്കുഴിയിൽ വീട്ടിൽ മുഹമ്മദ് റമീഷ്(20) നെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ പാലക്കാട്ആളുർ സ്വദേശി പരാതിക്കാരനെ ചതിച്ചു . പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും 320,000 രൂപ ചെക്കുവഴി നാട്ടിൽ നിന്നും പിൻവലിക്കുകയും തുടർന്ന് ദുബായിലേക്ക് കടന്ന് അവിടെ നിന്നും പണം പിൻവലിക്കുകയും ചെയ്തിരുന്നു. ഈ പ്രതിയ്‌ക്കെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും, മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴിയും പരസ്യങ്ങൾ വഴിയും ഓൺലൈൻ വഴി ജോലി ചെയ്ത ലാഭമുണ്ടാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു വഞ്ചനയിൽ പെടുത്തുകയും പണം തട്ടിയെടുക്കുകയും ആണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്. ഇത്തരത്തിൽ ഓൺലൈനിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കു ഇരയാവുകയാണെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിലോ https://cybercrime.gov.in എന്ന സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.