ആരുടെയും പേരുവിവരങ്ങൾ പുറത്താകില്ലെന്ന് ഹേമ കമ്മിറ്റി ആവര്‍ത്തിച്ച് ഉറപ്പ് നൽകി…. വിശദീകരണവുമായി മാല പാര്‍വതി…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ പേരില്‍ പൊലീസ് കേസ് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ നടി മാല പാര്‍വതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നും നടി നല്‍കിയ പ്രതികരണത്തില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് മാല പാര്‍വതിക്കെതിരെ ഡബ്യുസിസി രംഗത്തെത്തി. ഇപ്പോഴിതാ എന്തുകൊണ്ട് തന്‍റെ നിലപാട് എന്ന് വിശദീകരിക്കുകയാണ് മാല പാര്‍വതി. സോഷ്യല്‍ മീഡിയയിലൂടെയാണ് നടിയുടെ പ്രതികരണം. ‘ചില കാര്യങ്ങളിലെ വിശദീകരണങ്ങൾ!’ എന്ന തലക്കെട്ടിലാണ് വിശദമായ പ്രതികരണം എത്തിയിരിക്കുന്നത്. മാല പാര്‍വതിയുടെ കുറിപ്പില്‍ നിന്ന് ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിക്ക് മുന്നിൽ, എൻ്റെ അനുഭവം പറയാൻ പോയത്, ആ കമ്മിറ്റിയെ കുറിച്ചും, ആ കമ്മിറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും, അന്ന് മനസ്സിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അന്ന് ഞാൻ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ FIR ഇട്ട്, അന്വേഷണം ആരംഭിച്ചപ്പോൾ, കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല എന്ന് SIT യെ അറിയിച്ചു. എന്ത് കൊണ്ട് താല്പര്യമില്ല എന്ന് ചോദിച്ചാൽ, ഒരു കംപ്ലെയിൻ്റ് രജിസ്റ്റർ ചെയ്യാനല്ല ഞാൻ കമ്മിറ്റിടെ മുമ്പാകെ പോയത് എന്നതാണ് ആദ്യ ഉത്തരം. അതിന് പല കാരണങ്ങൾ ഉണ്ട്. കമ്മിറ്റി ഉണ്ടാക്കിയപ്പോൾ, ഉള്ള terms of reference-ൽ ഒരിടത്ത് പോലും കുറ്റക്കാരെയും, കുറ്റകൃത്യങ്ങളും കണ്ടെത്താനുള്ള ഒരു അന്വേഷണ സംഘമാണ് ഈ കമ്മിറ്റി എന്ന് പറഞ്ഞിട്ടില്ല എന്നത് തന്നെയാണ് പരമ പ്രഥാനമായ കാര്യം.7 കാര്യങ്ങളാണ് അവരുടെ അന്വേഷണ പരിധിയിൽ പറഞ്ഞിരുന്നത്. ഒന്നാമത്തെ ഉദ്ദേശ്യം, “സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന, അനുഭവിച്ച പ്രശ്നങ്ങളും അതിൻ്റെ പരിഹാരങ്ങളും.!” ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞ പല കാര്യങ്ങൾ ഉണ്ട്. എൻ്റെ അനുഭവങ്ങളും, കേട്ട് കേഴ്‌വിയും.പതിയിരിക്കുന്ന അപകടങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും , പരിഹാരങ്ങളും അങ്ങനെ പലതും. “ആരുടെയും ” പേരോ വിവരമോ പുറത്ത് പോകില്ല എന്ന ആവർത്തിച്ചുള്ള ഉറപ്പിൻ്റെയും, വിശ്വസിപ്പിക്കലിൻ്റെയും അടിസ്ഥാനത്തിൽ വിശദമായി തന്നെ, കമ്മിറ്റിയിൽ സംസാരിച്ചിരുന്നു.