അപ്രതീക്ഷിത കുതിപ്പുമായി മുരിങ്ങക്ക… വിലയിൽ കാന്താരിക്കൊപ്പം…
മണ്ഡലകാലം ആരംഭിച്ചതോടെ പച്ചക്കറിയുടെ വില കുതിക്കുകയാണ്. എന്നാൽ, ആരും പ്രതീക്ഷിക്കാത്ത കുതിപ്പാണ് മുരിങ്ങക്കായയുടെ വിലയിൽ ഉണ്ടായിരിക്കുന്നത്. മുരിങ്ങക്ക കിലോയ്ക്ക് 500 രൂപയെന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കാന്താരി മുളകിനും സമീപ ദിവസങ്ങളിൽ 200 രൂപയിലേറെ വർധിച്ച് കിലോയ്ക്ക് 500 രൂപയിലെത്തി.
മുരിങ്ങക്കയുടെ വില 200 രൂപക്കും 300 രൂപക്കും ഇടയിലെത്തിയിരുന്നു. എന്നാൽ, വളരെ പെട്ടെന്നാണ് 500 രൂപയിലേക്കെത്തിയത്. തമിഴ്‌നാട്ടിൽനിന്നുള്ള മുരിങ്ങക്കായയുടെ വരവ് കുറഞ്ഞതോടെയാണ് കേരളത്തിൽ ഇത്രവലിയ വിലക്കയറ്റമുണ്ടായത്. ഉത്തേരേന്ത്യയിൽനിന്നുള്ള വിലകൂടിയ ഇനം മുരിങ്ങക്കയാണ് ഇപ്പോൾ കേരളത്തിലെ വിപണിയിൽ സ്ഥാനംപിടിച്ചിരിക്കുന്നത്.
അരമീറ്ററോളം നീളം വരുന്ന ’ബറോഡ മുരിങ്ങക്ക’യാണ് വിപണിയിലെ താരം. ഇതിന് തമിഴ്‌നാട് ഇനത്തെ അപേക്ഷിച്ച് പച്ചനിറം കൂടുതലാണ്. സദ്യകൾക്കും സത്കാരങ്ങൾക്കും വിഭവങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഇനമായതിനാലാണ് കുറഞ്ഞ നിലയിലെങ്കിലും മൊത്തക്കച്ചവടക്കാർ മുരിങ്ങ സ്റ്റോക്ക് ചെയ്യുന്നത്. നാടൻ മുരിങ്ങക്കായ വിപണിയിലെത്തിയാൽ വിലയിൽ മാറ്റം പ്രതീക്ഷിക്കാമെന്ന് കച്ചവടക്കാർ പറയുന്നു.
അതേസമയം, കാന്താരി മുളകിനും വില കുതിയ്ക്കുകയാണ്. സമീപ ദിവസങ്ങളിൽ വരെ കിലോയ്ക്ക് 300 രൂപയായിരുന്നു കാന്താരിയുടെ വില. എന്നാൽ, അടുത്ത ദിവസങ്ങളിലാണ് കാന്താരിമുളകിന്റെ വില 400-ഉം പിന്നിട്ട് 500-ലെത്തിയത്.
നേന്ത്രപ്പഴ വിലയും മുകളിലേക്കാണ്. വിപണിയിൽ വരവ് കുറഞ്ഞതോടെയാണ് വില ഉയർന്നത്. കിലോയ്ക്ക് 45-50 രൂപയിൽനിന്ന് രണ്ടുദിവസംകൊണ്ട് വില 70-80-ലെത്തി. പച്ചക്കായ (കറിക്കായ) വില 35 രൂപയിൽനിന്ന് 50 രൂപയായി. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള നേന്ത്രക്കായ വരവ് നിലച്ചതും നാടൻ നേന്ത്രന്റെ വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. അതേസമയം, രണ്ടുമാസം മുൻപ് 100 രൂപവരെ വിലയുണ്ടായിരുന്ന ഞാലിപ്പൂവന് വില 60 രൂപയാണ്. പൂവൻപഴം 45 രൂപയ്ക്ക് കിട്ടും.