ലോഡ്ജ്മുറിയി കൊലപാതകം….സനൂഫിനെ കുടുക്കിയത് ‘ഓപ്പറേഷൻ നവംബർ’…
കോഴിക്കോട് നഗരമധ്യത്തിൽ ലോഡ്ജ്മുറിയിൽ യുവതിയെ കൊലചെയ്ത് രക്ഷപ്പെട്ട പ്രതിയായ സനൂഫിനെ കുരുക്കിയത് കോഴിക്കോട് സിറ്റി പൊലീസിന്‍റെ ഓപറേഷൻ നവംബർ. സിറ്റി പൊലീസിന്‍റെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പൊലീസ് കമീഷണർ ടി. നാരായണന്‍റെ കീഴിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ മൂന്ന് സംഘങ്ങളായിട്ടായിരുന്നു അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനം.
ഓപ്പറേഷൻ നവംബര്‍ എന്നായിരുന്നു സനൂഫിനെ പിടികൂടാനുള്ള അന്വേഷണത്തിന് നൽകിയ പേര്. സിനിമ കഥ പോലെ ത്രസിപ്പിക്കുന്ന അന്വേഷണമാണ് പൊലീസ് സംഘം നടത്തിയത്. അതേസമയം, അറസ്റ്റിലായ പ്രതി അബ്ദുള്‍ സനൂഫിനെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി-4 ആണ് സനൂഫിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ വ്യാപിച്ച അന്വേഷണം, സിസിടിവി ദൃശ്യങ്ങള്‍, സൈബര്‍ സെല്‍, രഹ്യസ്യാന്വേഷണം എന്നിങ്ങനെ കൃത്യതയോടെയും സൂക്ഷമതയോടെയും ഏകോപിപ്പിച്ച് അന്വേഷണ സംഘം മുന്നോട്ട് പോയതോടെയാണ് പ്രതി അബ്ദുള്‍ സനൂഫിന്‍റെ തന്ത്രങ്ങള്‍ പാളിയത്. കൊല നടത്തി ലോഡ്ജില്‍ നിന്ന് മുങ്ങിയ അബ്ദുള്‍ സനൂഫ് പാലക്കാട് കാര്‍ ഉപേക്ഷിച്ചു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. ഇത് അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ പൊലീസിനെ കുഴക്കി. പിന്നീട്
ടൗണ്‍ എസിപി അഷ്റഫിന്‍റെ മേല്‍ നോട്ടത്തില്‍ ദിശതെറ്റാതെയുള്ള അന്വേഷണം നടന്നു.
നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ് അന്വേഷണ സംഘ തലവനായി. പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ പ്രതി അബ്ദുള്‍ സനൂഫ് പാലക്കാട് എത്തിയത് മുതല്‍ തന്നെ ജാഗ്രതയിലായിരുന്നു. വസ്ത്രങ്ങള്‍ ഇടക്കിടെ മാറ്റി, മീശ പിരിച്ച് രൂപമാറ്റം വരുത്തി. ഇതിനകം പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം ഓപ്പറേഷന്‍ നവംമ്പര്‍ എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരും അവരെ സഹായിക്കുന്നവരും നല്‍കുന്ന വിവരങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ഈ വാട്സാപ്പ് ഗ്രൂപ്പിലുടെ എസിപിയും സംഘവും ഓരോ നിമിഷവും വിശകലനം ചെയ്തായിരുന്നു അന്വേഷണം.