കുഞ്ഞിന്റെ എല്ലാ ചികിത്സയും ആലപ്പുഴയിൽ തന്നെ ഒരുക്കാമെന്ന് ഉറപ്പ് ലഭിച്ചു…ആശുപത്രിയ്ക്കും സ്കാനിംഗ് സെന്ററിനും എതിരെ നടപടി ഉണ്ടാവണം… പിതാവ് അനീഷ്..

ആലപ്പുഴയിൽ വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതോടെ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.കുഞ്ഞിന്റെ എല്ലാവിധ ചികിത്സയും പരിശോധനയും ആലപ്പുഴയിൽ തന്നെ ഒരുക്കാമെന്ന് വിദഗ്ധ സംഘം അറിയിച്ചതായി കുഞ്ഞിന്റെ പിതാവ് അനീഷ് പ്രതികരിച്ചു. എല്ലാവിധ സഹായവും തുടർന്നുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് പ്രതിനിധികൾ ഉറപ്പ്നൽകിയിട്ടുണ്ട്. ഞങ്ങൾ സാധാരണക്കാരാണ്, ഭാരിച്ച ചികിത്സ താങ്ങാനുള്ള ത്രാണിയില്ല.
കുഞ്ഞിന്റെ നിലവിലെ ആരോഗ്യസ്ഥിതി അവർക്ക് ബോധ്യപ്പെട്ടു. ആശുപത്രിയ്ക്കും സ്കാനിംഗ് സെന്ററിനും എതിരെ നടപടി ഉണ്ടാവണം എന്നുള്ളതാണ് തങ്ങളുടെ ആവശ്യം. നിലവിൽ കുട്ടിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല.തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ.
ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ഞങ്ങൾക്ക് ആവശ്യപെട്ടിട്ടുണ്ടെന്നും അനീഷ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യ അഡീഷനൽ ഡയറക്ടർ വി.മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘം വണ്ടാനം മെഡിക്കൽ കോളജിൽ എത്തി കുട്ടിയുടെ പരിശോധന പൂർത്തിയാക്കി. രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരത്തു നിന്നും ആരോഗ്യ അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മെഡിക്കൽ കോളജിൽ എത്തിയത്.



