കുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമം പുനരാരംഭിച്ചു….ഒരു സ്ത്രീയുടെ…
എറണാകുളം: കുട്ടമ്പുഴ വനത്തിൽ ഇന്നലെ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്താനുള്ള ദൗത്യം പുനരാരംഭിച്ചു. രണ്ട് സംഘങ്ങളായാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. തുണ്ടത്തിൽ, ഇടമലയാർ റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പ്രദേശത്തെ ആദിവാസികളും തിരച്ചിലിന് ഒപ്പമുണ്ട്.
ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് പോയ സ്ത്രീകളെ കൊടുംവനത്തിൽ കാണാതായത്. പൊലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇവരെ കണ്ടെത്താനായിരുന്നില്ല. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.