ആയിരത്തോളം പേര്‍ക്ക് സഹായകമായി എം.പിയുടെ ആംബുലന്‍സ്

ചെങ്ങന്നൂര്‍: കൊടിക്കുന്നില്‍ സുരേഷ് എം പി നഗരസഭയ്ക്ക് നല്‍കിയ ആംബുലന്‍സ് രണ്ടു വര്‍ഷം കൊണ്ട് കുറഞ്ഞ നിരക്കില്‍ ആയിരത്തോളം പേര്‍ക്ക് സഹായകമായി. അരലക്ഷം കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മറ്റ് ആംബുലന്‍സുകളെക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ആശ്രയമായി നഗരസഭ ആംബുലന്‍സ് മാറി. മിനിമം നിരക്കായി 40 കിലോമീറ്റര്‍ ദൂരം വരെ 600 രൂപയാണ് നഗരസഭ ഈടാക്കുന്നത്. അധിക ഒരോ കിലോമീറ്ററിനും 15 രൂപ നിരക്കാണ് നല്‍കേണ്ടത്. വിദൂരങ്ങളില്‍ പോകേണ്ടവര്‍ക്ക് മറ്റു ആംബുലന്‍സുകളെ അപേക്ഷിച്ച് പകുതി തുക പോലും നല്‍കേണ്ടി വരില്ല. എം.പി. ഫണ്ടില്‍ നിന്നും 2097919 രൂപ ചെലവഴിച്ചാണ് ആംബുലന്‍സ് നഗരസഭയ്ക്ക് വാങ്ങി നല്‍കിയത്. സി-ടൈപ്പ് ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സില്‍ ഓക്‌സിജന്‍ സൗകര്യവും ലഭ്യമാണ്. നഗരസഭ ചുമതലപ്പെടുത്തിയ ഡ്രൈവര്‍മാരായ സാംസണ്‍ പി. ജെയിംസ് 9526454617 നിഥിന്‍ ജോര്‍ജ് 7559076817 എന്നിവരുടെ നമ്പറുകള്‍ക്ക് പുറമേ 70128 12976 എന്ന നമ്പറിലും വിളിച്ചാല്‍ 24 മണിക്കൂറും ആംബുലന്‍സിന്റെ സേവനം ലഭ്യമാകും. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കുറഞ്ഞ നിരക്കില്‍ ആംബുലന്‍സിന്റെ സേവനം എല്ലാ വിഭാഗം ജനങ്ങള്‍ക്കും എത്തിക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭാ വര്‍ഗ്ഗീസ്, വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ എന്നിവര്‍ പറഞ്ഞു. നഗരസഭയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ കുറഞ്ഞ നിരക്കിലുള്ള ആമ്പുലന്‍സിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. എം.പി. കൊടിക്കുന്നില്‍ സുരേഷിന്റെ നിര്‍ദ്ദേശാനുസരണം ശബരിമല തീര്‍ത്ഥാടന കാലത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്

Related Articles

Back to top button