റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പിന്തുടർന്ന് ആക്രമിച്ച് തെരുവുനായ…18 പേർക്ക് കടിയേറ്റു…

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്. നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്. ആദ്യം രണ്ട് സ്ത്രീകളെ കടിച്ചു. വസ്ത്രം കടിച്ചു കീറി. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്.

സ്റ്റേഷന്റെ മുൻപിൽ പ്ലാറ്റ്ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. പോർട്ടർമാരും റെയിൽവേ ജീവനക്കാരും ചേർന്ന് വടിയും കല്ലും ഉപയോഗിച്ച് പികൂടാനുള്ള ശ്രമം നടത്തിയിരുന്നു. കോർപറേഷനെ അറിയിച്ചിട്ടും ഇടപെട്ടില്ലെന്നാണ് ആരോപണം. ഒടുവിൽ ഒരു നായയെ എല്ലാവരും ചേർന്ന് തല്ലിക്കൊന്നു. എന്നാൽ തല്ലിക്കൊന്ന നായ അല്ല തങ്ങളെ കടിച്ചതെന്ന് കടിയേറ്റവർ പറയുന്നു. റയിൽവേ സ്റ്റേഷൻ പരിസരത്ത് മാത്രം നൂറോളം പട്ടികളുണ്ടെന്നാണ് കണക്ക്. നിയന്ത്രിക്കാൻ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്നാണ് റയിൽവേയുടെ പരാതി. ഉത്തരവാദിത്വം റയിൽവേക്കെന്ന് കോർപ്പറേഷനും. തല്ലും കടിയും ഇനിയും തുടരുമെന്നർത്ഥം.

Related Articles

Back to top button