കല്ലുമല മേൽപ്പാലം ടെൻഡർ രണ്ട് ആഴ്ചക്കകം – എം.എസ് അരുൺകുമാർ എം.എൽ.എ

മാവേലിക്കര- സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2021 ൽ 38.22 കോടി രൂപ അനുവദിച്ച കല്ലുമല റെയിൽവേ മേൽപ്പാലത്തിന്റെ ടെൻഡർ രണ്ട് ആഴ്ചക്കകം ഉണ്ടാകുമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരള ലിമിറ്റഡ് നിർമ്മാണച്ചുമതല ഏറ്റെടുക്കുകയും സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ ഉള്ള നടപടികൾ പൂർത്തിയാകുകയും ചെയ്തു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മേൽപ്പാലം നിർമ്മാണത്തിന് പത്തു കോടി രൂപ കൂടുതലായി വേണ്ടി വന്നു. എം.എസ് അരുൺകുമാർ എം.എൽ.എ കിഫ്‌ബി അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് നവംബർ 23ന് കിഫ്‌ബി അധിക തുക ഉൾപ്പെടെ 48.33 കോടി രൂപ അനുവദിച്ചു ഉത്തരവായി.

കെ.എസ്.ഇ.ബിയുടെയും കേരള വാട്ടർ അതോറിറ്റിട്ടിയുടെയും ഉൾപ്പെടെ ലൈനുകൾ മാറ്റുന്നതിനുള്ള തുക അനുവദിച്ചു നൽകുകയും ആ പ്രവർത്തികൾ നടപ്പിലാക്കുകയും ചെയ്തു. 39 സ്ഥലം ഉടമകൾക്ക്‌ 10.69 കോടി രൂപ നഷ്ടപരിഹാരം നൽകി 62.7 ആർ സ്ഥലമാണ് ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമിയിൽ 36 പുരയിടങ്ങളും അവയിൽ 12 കെട്ടിടങ്ങളും 7 മതിലുകളുമാണ് ഉണ്ടായിരുന്നത്. നഗര പ്രദേശമായതിനാൽ കൂടിയ വിപണി വില നൽകിയാണ് സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുത്തത്. ഇതിനായി നേരത്തെ കണക്കാക്കിയിരുന്നതിലും കൂടുതൽ തുക ആവശ്യമായി വന്നു. അതിനാലാണ് 10 കോടി രൂപ അധികമായി വന്നത്.
പദ്ധതി പ്രദേശത്തെ കെട്ടിടങ്ങളും മതിലുകളും മരങ്ങളും ഉൾപ്പെടെ നീക്കം ചെയ്തു.

കല്ലുമല മേൽപ്പാലം പദ്ധതിക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയിരുന്നു. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർ, പൊതുമരാമത്ത് ഡിസൈൻ വിഭാഗം ചീഫ് എഞ്ചിനീയർ, ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ എന്നിവരടങ്ങിയ സാങ്കേതിക സമിതിയാണ് പദ്ധതിയുടെ രൂപരേഖ അംഗീകരിച്ചു സാങ്കേതിക അനുമതി നൽകിയത്.

ചെറിയനാട്, മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മാവേലിക്കര റെയിൽവേ സ്റ്റേഷന് വടക്കുള്ള ഗേറ്റിലാണ് മേൽപ്പാലം വരുന്നത്. വെള്ളൂർക്കുളം മുതൽ ബിഷപ്പ് മൂർ കോളേജ് ഹോസ്റ്റലിന് കിഴക്ക് വശം വരെ 500 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. ഒന്നര മീറ്റർ വിതിയിൽ നടപ്പാതയും ഉണ്ടാകും. ടെൻഡർ നടപടികൾ പൂർത്തിയാക്കി വേഗതയിൽ നിർമ്മാണം ആരംഭിക്കുവാൻ ആർ.ബി.ഡി.സി.കെക്ക്‌ നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.

Related Articles

Back to top button