പി. സരിന് ചതിയൻ.. തിരികെ വന്നാലും കോണ്‍ഗ്രസ് എടുക്കില്ല…
പി. സരിന് കാണിച്ചത് വലിയ ചതിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സ്ഥാനാര്‍ഥിത്വം കിട്ടിയില്ല എന്നുപറഞ്ഞ് തെരഞ്ഞെടുപ്പിന് മുമ്പ് മറുപക്ഷം ചാടുന്നയാളെ വിശ്വസിക്കാനോ കൂടെനിര്‍ത്താനോ സാധിക്കില്ല. നിര്‍ണായക സമയത്ത് പാര്‍ട്ടിയെ വഞ്ചിച്ച വ്യക്തിയെ തിരികെ വന്നാലും കോണ്‍ഗ്രസ് എടുക്കില്ലെന്നും കെ. സുധാകരന് പറഞ്ഞു. പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. ബി.ജെ.പിയെ കോണ്‍ഗ്രസ് നിലംപരിശാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ജനം നല്കിയ തിരിച്ചടി കൂടിയാണ് ഈ ജനവിധി എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും യു.ഡി.എഫിന് ലഭിച്ചു. പരാജയത്തിലെ ജാള്യതയാണ് സി.പി.എം വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത്. സര്‍ക്കാറിനോടും സി.പി.എമ്മിനോടുമുള്ള ജനങ്ങളുടെ വെറുപ്പാണ് അവര്‍ക്ക് തിരിച്ചടിയായത്. അത് മനസിലാക്കാതെ വെറുതെ കുറെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സി.പി.എം. പാലക്കാട് ബി.ജെ.പി തോറ്റതില്‍ സി.പി.എം കടുത്ത നിരാശയിലാണ്. ബി.ജെ.പിയുടെ അജണ്ടകളാണ് സി.പി.എം നടപ്പാക്കാന്‍ ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു.