‘പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങൾ’… പോസ്റ്റുമായി സന്ദീപ് വചസ്പതി…
ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പല മുന്നണികളും ഞെട്ടലിൽ ആണ്. പാലക്കാട് ഫലം ബിജെപിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം കിട്ടിയ വോട്ടുകൾ പോലും ഇത്തവണ സി കൃഷ്ണകുമാറിന് നേടാൻ സാധിച്ചില്ല. ഇതോടുകൂടി പലരും കെ സുരേന്ദ്രനെതിരെ സംസാരിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ബിജെപി നേതാവ് സന്ദീപ് വചസ്പതി ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. പാലക്കാട് വ്യക്തിപരമായിരുന്നു കാര്യങ്ങൾ എന്നും പ്രചാരണത്തിൽ അടക്കം അത് കാണാമായിരുന്നു എന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ഉപതിരഞ്ഞെടുപ്പിൽ യഥാർത്ഥ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കര മണ്ഡലത്തിലാണ്. അവിടെ ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി നടത്തിയത്. പതിനായിരത്തോളം വോട്ട് ചേലക്കരയിൽ ബിജെപിക്ക് കൂടി. പ്രചാരണത്തിന് നേതൃത്വം നൽകിയ തൃശ്ശൂർ ജില്ലാ കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നു. വയനാടും ബിജെപി വോട്ട് വിഹിതം നിലനിർത്തി. അവിടെയും പാർട്ടി എന്ന നിലയിൽ ബിജെപി അടിത്തറ ശക്തമാണ്.
എന്നാൽ പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങൾ. പ്രചാരണത്തിൽ അടക്കം ഇത് കാണാമായിരുന്നു. വർഗ്ഗീയതയും കോഴയും കൂറുമാറ്റവും അടക്കം വിഷയങ്ങളായി. ഈ കാര്യങ്ങൾ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. പാർട്ടി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കും. എങ്കിലും പാലക്കാട് ബിജെപിയുടെ അടിത്തറയ്ക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. ഈ തിരിച്ചടി താത്കാലികം മാത്രമാണ്. ഇതിനെയും പാർട്ടി മറികടക്കും. അതിനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ട്.