കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിയുടെ മരണം….

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസെടുത്തത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ നവംബര്‍ നാലിനാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമാവുകയും മരിക്കുകയുമായിരുന്നു. കൃത്യമായി രോഗ നിര്‍ണയം നടത്താതെ ചികിത്സ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായതെന്നും എന്നാല്‍ മനോരോഗ ചികിത്സയാണ് രജനിക്ക് നല്‍കിയതെന്നും ഭര്‍ത്താവ് ഗിരീഷ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. നാലു ദിവസങ്ങള്‍ക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോള്‍ ന്യൂമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. പിന്നീട് നില വഷളാവുകയും മരിക്കുകയുമായിരുന്നു. മൂന്നു കുട്ടികളുടെ അമ്മയാണ് രജനി.

Related Articles

Back to top button