മഴക്കാല ദുരന്ത നിവാരണത്തിന് അനുവദിച്ച തുക സ്വകാര്യ ആവശ്യത്തിനായി മാറ്റി…..മുൻ ഡെപ്യൂട്ടി തഹസീൽദാര്‍ …
മഴക്കാല ദുരന്ത നിവാരണത്തിന് അനുവദിച്ച തുക വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്ത കേസില്‍ മുൻ ഡെപ്യൂട്ടി തഹസീൽദാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. മഴക്കാല ദുരന്ത നിവാരണത്തിന് അനുവദിച്ച 1,83,000 രൂപ വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്തതിന് തിരുവനന്തപുരം ജില്ലയിലെ മുൻ നെടുമങ്ങാട് ഡെപ്യൂട്ടി തഹസീൽദാറായിരുന്ന കെ സുകുമാരനെ വിവിധ വകുപ്പുകളിലായി 11 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്.
1,75,000 രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജിൽ മഴക്കാല ദുരന്ത നിവാരണത്തിനായി 2001-2002 കാലയളവിൽ സർക്കാർ അനുവദിച്ച 1,83,000 രൂപ ദുരിതബാധിതർക്ക് അനുവദിക്കാതെ പാങ്ങോട് വില്ലേജ് ഓഫീസറും, നെടുമങ്ങാട് ഡെപ്യൂട്ടി തഹസീൽദാറായിരുന്ന സുകുമാരനും ചേർന്ന് അനധികൃതമായി തട്ടിയെടുക്കുകയായിരുന്നു.