കരടിയുടെ വേഷം ധരിച്ച് സ്വന്തം ആഡംബര കാറുകൾ….സുഹൃത്തുക്കളായ യുവാക്കൾക്ക് കിട്ടിയ പണി എട്ടിന്റേത്…

കരടിയുടെ വേഷം ധരിച്ച് സ്വന്തം ആഡംബര കാറുകൾ കേടുവരുത്തിയ നാല് പേരെ അറസ്റ്റ് ചെയ്തു. യു.എസില്‍ കാലിഫോര്‍ണിയയിലാണ് സംഭവം. ഇൻഷുറൻസ് കമ്പനികളെ കബളിപ്പിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു യുവാക്കളുടെ വേഷംമാറല്‍. റൂബൻ തമ്രാസിയാൻ (26), അരരാത് ചിർക്കിനിയൻ (39), വാഹേ മുറാദ്ഖന്യൻ (32), അൽഫിയ സുക്കർമാൻ (39) എന്നിവർ ആണ് അറസ്റ്റിലായത്.

ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ഒരു ആഡംബര വാഹനമായ റോൾസ് റോയ്‌സ് ഗോസ്റ്റ് കാറുകള്‍ക്കാണ് യുവാക്കള്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നാശനഷ്ടം വരുത്തിയത്. കരടിയുടെ വേഷം കെട്ടി ഡോറുകള്‍ തകര്‍ക്കുകയും സീറ്റുകള്‍ വലിച്ചുകീറുകയും ചെയ്തു.

ശേഷം കരടി കാര്‍ നശിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചു. സംശയം തോന്നിയ കമ്പനി ഇന്‍ഷുറന്‍സ് തട്ടിപ്പ് അന്വേഷിക്കുന്ന കുറ്റാന്വേഷകരെ വിവരമറിയിക്കുകയായിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ കള്ളി വെളിച്ചത്തായത്. 140,000 ഡോളറിലധികം വിലമതിക്കുന്ന ഇൻഷുറൻസ് തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കാലിഫോർണിയയിൽ കറുത്ത കരടികൾ ഇടയ്ക്കിടെ ഭക്ഷണത്തിനായി വാഹനങ്ങൾക്കുള്ളിൽ കയറുകയും വലിയ നാശം വരുത്തുകയും ചെയ്യാറുണ്ട്.

Related Articles

Back to top button