സ്കൂൾ കായികമേള..പോയിന്റ് പട്ടികയിൽ നവാമുകുന്ദ..പക്ഷെ രണ്ടാം സ്ഥാനം നൽകിയത്..സ്‌കൂളുകൾ ഹൈക്കോടതിയിലേക്ക്….
സംസ്ഥാന സ്കൂൾ കായികമേളയിൽ ജിവി രാജ സ്പോർട്സ് സ്കൂളിന് രണ്ടാം സ്ഥാനം നൽകിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സ്‌കൂളുകൾ.നവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾ ആണ് കോടതിയെ സമീപിക്കുക. പോയിന്റ് പട്ടികയിൽ നവാമുകുന്ദ രണ്ടും മാർ ബേസിൽ മൂന്നും സ്ഥാനത്ത് ആയിരുന്നു. എന്നാൽ രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി സ്പോർട്സ് സ്കൂൾ ആയ ജിവി രാജയ്ക്ക് നൽകി. തുടര്‍ന്നാണ് സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ സ്‌കൂളുകൾ ധാരണയിൽ എത്തിയത്. അർഹിച്ച അംഗീകാരം തട്ടിയെടുത്തു എന്നാണ് സ്കൂളുകളുടെ ആരോപണം.
സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിൽ കഴിഞ്ഞ ദിവസം തന്നെ പ്രതിഷേധമുണ്ടായിരുന്നു. നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നായിരുന്നു പരാതി. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധവും നടന്നു. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ പൊലീസ് വേദിയില്‍ നിന്ന് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു.