നടാല്‍ഗേറ്റില്‍ ഗേറ്റ് മാൻ മദ്യലഹരിയിൽ….. സിഗ്‌നല്‍ കിട്ടാതെ…..

എടക്കാട്: നടാല്‍ഗേറ്റില്‍ മദ്യലഹരിയിൽ ഗേറ്റ് തുറക്കാനാകാതെ ഗേറ്റ് മാന്‍. നടാലില്‍ സിഗ്‌നല്‍ കിട്ടാതെ തീവണ്ടികള്‍ പിടിച്ചിട്ടു. 20 മിനിട്ടോളം സിഗ്‌നല്‍ കിട്ടാതെ കോയമ്പത്തൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് (16608)പിടിച്ചിട്ടു. മംഗളുരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് അല്പസമയവും പിടിച്ചിട്ടു. ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീണ്ട നിരയുമുണ്ടായി. ഗേറ്റ്മാനെ മാറ്റി പകരം ആളെ വച്ചാണ് തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച രാത്രി 8.30-ഓടെയായിരുന്നു സംഭവം.

ഒരുഭാഗത്തേക്കുള്ള തീവണ്ടി കടന്നുപോയ ശേഷം താക്കോല്‍ ഉപയോഗിച്ച് ഗേറ്റ് തുറക്കാനാവാത്ത ഗേറ്റ് മാന്റെ അസ്വാഭാവിക പ്രവര്‍ത്തനം കണ്ട് വാഹന ഡ്രൈവര്‍മാര്‍ ബഹളംവെച്ചു. ഈ സമയം സിഗ്‌നല്‍ കിട്ടാതെ മറ്റൊരു വണ്ടി ഗേറ്റിന് സമീപം നീര്‍ത്തിയിട്ടു. നാട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് എടക്കാട് പോലീസ് സ്ഥലത്തെത്തി. ഗേറ്റ്മാന്‍ സുധീഷ് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാളെ പരിശോധനയ്ക്ക് അയച്ചു.

റെയില്‍വേ സ്റ്റേഷനില്‍നിന്ന് മറ്റൊരു ഗേറ്റ് മാനെ എത്തിച്ചാണ് ഗേറ്റ് സംവിധാനം നിയന്ത്രിച്ചത്. വിഷയം കണ്ണൂര്‍ റെയില്‍വേ അധികൃതര്‍ പാലക്കാട് ഡിവിഷന്‍ അധികൃതരെ അറിയിച്ചു. റെയില്‍വേ ഗേറ്റുകളില്‍ ഇപ്പോള്‍ വിമുക്തഭടന്‍മാര്‍ ഉള്‍പ്പെടെ കരാര്‍ നിയമനത്തിലുണ്ട്. ആറുമാസം മുമ്പ് തൃക്കപ്പൂരില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു.

Related Articles

Back to top button