ബിജെപിയിൽ ഇനി സംഘടനാ തെരഞ്ഞെടുപ്പുകളുടെ കാലം…..പാർട്ടി സംവിധാനത്തിലെ നേതൃമാറ്റങ്ങൾ ഇപ്രകാരം….
കോട്ടയം: പാർട്ടി മെഷീനറി ദുർബലപ്പെടുന്നെന്ന സംഘപരിവാർ വിലയിരുത്തലിനെ തുടർന്ന് ബിജെപിയിൽ അടിമുടി അഴിച്ചുപണി നടത്താൻ നേതൃത്വം തയ്യാറാകുന്നു. ഇതോടെ രാജ്യത്താകമാനമുള്ള പാർട്ടി സംവിധാനത്തിൽ നേതൃമാറ്റം ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടാകും. ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും സ്ഥാനമൊഴിയും.
അടുത്ത മാസത്തോടെയാണ് ബിജെപിയിൽ സംഘടനാ തെരഞ്ഞെടുപ്പുകൾക്ക് തുടക്കമാകുക. ഡിസംബർ, ജനുവരി മാസങ്ങളിൽ പുതിയ സംസ്ഥാന അധ്യക്ഷന്മാർ നിയമിതരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈയടുത്ത് അധ്യക്ഷരെ നിയോഗിച്ച സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളിൽ നേതൃമാറ്റമുണ്ടാകും.
ഒരു എം.എൽ.എ.പോലുമില്ലാത്ത കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ഥിതി വ്യത്യസ്തമാണ്. 2020-ന്റെ തുടക്കത്തിൽ കെ. സുരേന്ദ്രൻ അധ്യക്ഷനായ സമയത്തെ ഗ്രൂപ്പ് സമവാക്യങ്ങളല്ല സംസ്ഥാന ബി.ജെ.പി.യിൽ ഇപ്പോൾ. അന്ന് രണ്ടു പ്രമുഖപക്ഷങ്ങളായാണ് ചേരിതിരിവ് നിലനിന്നിരുന്നത്. ഇപ്പോൾ ചുരുങ്ങിയത് നാലു ഗ്രൂപ്പുകളെങ്കിലുമുണ്ട്.
സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ. സുഭാഷിനെ ആർ.എസ്.എസ്. തിരികെവിളിച്ചതോടെ ബി.ജെ.പി. സംഘടനാസംവിധാനം നാഥനില്ലാക്കളരിയായി. സംസ്ഥാന അധ്യക്ഷന്റെ അനുകൂലികൾ ഏകപക്ഷീയമായി പാർട്ടി കൈയടക്കിതെന്ന പരാതിയാണ് മറ്റുഗ്രൂപ്പുകൾക്കെല്ലാം. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രമുഖനേതാക്കളെ ചുമതലകൾനൽകാതെ അകറ്റിനിർത്തുകയാണെന്ന പരിഭവവും ഇവർക്കുണ്ട്. കേരളത്തിൽ കെ. സുരേന്ദ്രനും മാറേണ്ടിവരും. സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രധാനനേതാക്കൾക്ക് ദേശീയതലത്തിൽ മറ്റുചുമതലകൾ നൽകിയേക്കും.
ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് കേന്ദ്രമന്ത്രിമാരായ ശിവരാജ്സിങ് ചൗഹാൻ, ഭൂപേന്ദർ യാദവ്, പ്രതിരോധമന്ത്രിയും മുൻ പാർട്ടി അധ്യക്ഷനുമായ രാജ്നാഥ് സിങ് എന്നിവരുടെ പേരുകൾ ആർ.എസ്.എസ്. മുന്നോട്ടുവെച്ചേക്കും. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായംകൂടി കണക്കിലെടുത്തേ തീരുമാനമുണ്ടാകൂ എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആർ.എസ്.എസ്. ദേശീയതലത്തിൽത്തന്നെ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമായാണ് ബിജെപിയിലെ നേതൃനിരയുടെ സമ്പൂർണമാറ്റം. മൂന്നുതവണ തുടർച്ചയായി ഭരണത്തിലെത്തിയതോടെ പലസ്ഥലങ്ങളിലും സംഘടനാസംവിധാനം ദുർബലമായതായി ആർ.എസ്.എസ്. വിലയിരുത്തുന്നു. തങ്ങളുടെ ആശയപദ്ധതിയോട് പൂർണമായി അടുത്തുനിൽക്കുന്നവരെയും പടലപ്പിണക്കംകൂടാതെ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നവരെയും പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽ അവരോധിക്കാനാണ് ആർ.എസ്.എസ്. ഒരുങ്ങുന്നത്.