ഉപദ്രവിച്ചാല്‍ കാക്കകള്‍ ‘പ്രതികാരം’ ചെയ്യും…അതും എത്ര വര്‍ഷത്തോളം ഓര്‍ത്ത് വച്ചെന്നോ…

‘പ്രതികാരം’ മനുഷ്യരുടെ മാത്രം കുത്തകയല്ലെന്ന് പഠനം. കാക്കകളും തങ്ങളെ ഉപദ്രവിച്ചയാളെ ഓര്‍ത്ത് വച്ച് പ്രതികാരം ചെയ്യുമെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. അതും തങ്ങളെ ഉപദ്രവിച്ച ഒരാളെ 17 വര്‍ഷം വരെ ഓര്‍ത്ത് വയ്ക്കാനും പ്രതികാരം ചെയ്യാനും ശ്രമിക്കുമെന്നാണ് പഠനം പറയുന്നത്. വാഷിംഗ്ടൺ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ ജോൺ മാർസ്ലഫ് നടത്തിയ ഗവേഷണത്തിലെ കണ്ടെത്തല്‍.
2006 -ലാണ് കാക്കകള്‍ പ്രതികാരം ചെയ്യുമോ എന്ന പരീക്ഷണത്തിന് അദ്ദേഹം തുടക്കമിടുന്നത്. പരീക്ഷണത്തിനായി അദ്ദേഹം ഒരു പിശാചിന്റെ മുഖംമൂടി ധരിക്കുകയും ഏഴ് കാക്കകളെ വലയിട്ട് പിടികൂടുകയും ചെയ്തു. പിന്നീട് ഇവയെ തിരിച്ചറിയുന്നതിനായി അദ്ദേഹം അവയുടെ ചിറകുകളില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയ ശേഷം പരിക്കുകളൊന്നുമില്ലാതെ സ്വതന്ത്രമാക്കി. എന്നാല്‍, പിന്നീട് ആ ഏഴ് കാക്കകളും തങ്ങളെ പിടികൂടിയ ആളെ തേടി നടന്നു. എപ്പോഴൊക്കെ കാമ്പസിലേക്ക് മാസ്കും ധരിച്ച് പ്രൊഫസർ ജോൺ മാർസ്ലഫ് എത്തിയോ അപ്പോഴൊക്കെ കാക്കകള്‍ അദ്ദേഹത്തെ വട്ടമിട്ട് ആക്രമിച്ചു.




