പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി പി ജി നമ്പ്യാർ അന്തരിച്ചു…
പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിർമാണബ്രാൻഡായ ബിപിഎല്ലിന്റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയിൽ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുൻ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ രാജ്യത്ത് മുഖ്യധാരയിലുള്ള കമ്പനിയായിരുന്നു ബിപിഎൽ. നിലവിൽ ബാംഗ്ലൂരിലാണ് ആസ്ഥാനം.
1963-ലാണ് തലശ്ശേരി സ്വദേശിയായ ടിപിജി നമ്പ്യാർ ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. അതേ പേരിലുള്ള ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ച്, ഇന്ത്യൻ പ്രതിരോധസേനകൾക്ക് വേണ്ടിയുള്ള ചെറു ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചായിരുന്നു തുടക്കം.പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു.പിന്നീട് കമ്പനി ബി.പി.എൽ എന്ന് പുനർനാമകരണം ചെയ്തു 1990-കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉപകരണനിര്‍മാണ രംഗത്തെ അതികായരായി വളര്‍ന്നു. ഉദാരവൽക്കരണകാലം മുതൽ വിദേശകമ്പനികളുമായി കടുത്ത മത്സരം നേരിട്ട ബിപിഎൽ പിന്നീട് ടെലികമ്മ്യൂണിക്കേഷൻ, മൊബൈൽ രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു.



