പറയുന്നതെല്ലാം പച്ചക്കള്ളം..,കലക്ടറുമായി നവീന്‍ബാബുവിന് ഒരു ആത്മബന്ധവുമില്ല..നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ…
കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ, മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. കലക്ടര്‍ പറയുന്നത് വെറും നുണയാണ്. കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണ്. സഹപ്രവര്‍ത്തകരോട് ഒരിക്കലും സൗഹാര്‍ദ്ദപരമായി പെരുമാറാത്ത കലക്ടറോട് നവീന്‍ബാബു ഒന്നും തുറന്നു പറയില്ലെന്ന് ഉറപ്പാണെന്നും മഞ്ജുഷ പറയുന്നു.കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി.
കേസിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സഹായിക്കാനാണ് കളക്ടർ ഇത്തരത്തിലുള്ള മൊഴി നൽകിയത്. കലക്ടറുമായി നവീന്‍ബാബുവിന് ഒരു ആത്മബന്ധവുമില്ല. അദ്ദേഹത്തോട് എല്ലാം തുറന്നുപറഞ്ഞു എന്നു പറയുന്നത് ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നതല്ല. കലക്ടറോട് ഒരു കാര്യവും തുറന്നു പറയില്ലെന്ന് ഉറപ്പാണ്. കണ്ണൂര്‍ കലക്ടറേറ്റിലെ ആരും ഇതു വിശ്വസിക്കാന്‍ സാധ്യതയില്ല. കലക്ടറോട് തുറന്നു പറയാന്‍ സാധ്യതയില്ല. അതു തീര്‍ച്ചയാണ്. മഞ്ജുഷ പറഞ്ഞു.
അതേസമയം, യാത്രയയപ്പ് ദിവസം കളക്ടറോട് നവീൻ ബാബു തന്നോട് സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിന് നൽകിയ മൊഴി. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.