നീലേശ്വരം വെടിക്കെട്ടപകടം..വധശ്രമത്തിന് കേസ്.. പരിക്കേറ്റവരുടെ ചികിത്സാ ചെലവ്…

കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൻ്റേതാണ് തീരുമാനം.തങ്ങളുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും, അടിയന്തര ധനസഹായം അനുവദിക്കണമെന്നും പരിക്കേറ്റവർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിലാണ് ഇതോടെ തീരുമാനമായിരിക്കുന്നത്. ആശുപത്രി മുഖാന്തരമായിരിക്കും ധനസഹായം നൽകുക.

അതേസമയം സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികളായ 5 ക്ഷേത്ര ഭാരവാഹികൾക്ക് നേരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ അന്വേഷണസംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണമാണ് ആരംഭിച്ചിട്ടുള്ളത്. ക്ഷേത്ര ഭാരവാഹികളായ എട്ട് പേരെ പൊലീസ് കേസിൽ പ്രതി ചേർത്തെങ്കിലും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ്‌ എന്നിവരാണ് അറസ്റ്റിലായത്.ബാക്കിയുള്ളവർക്കായി തിരച്ചിൽ നടക്കുകയാണ്.

തിങ്കളാഴ്ച അർധ രാത്രിയായിരുന്നു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തില്‍ അപകടമുണ്ടായത്.അപകടത്തിൽ നൂറ്റമ്പതോളം പേർക്കാണ് ആകെ പരുക്ക്. പതിമൂന്ന് ആശുപത്രികളിലായി 101 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഇന്ന് നാലുപേർ കൂടി ആശുപത്രി വിട്ടു. ഇനി ഐസിയുവിൽ ഉള്ളത് 29 പേരാണ്.വെന്റിലേറ്ററിൽ തുടരുന്നത് ഏഴുപേരും. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Related Articles

Back to top button