വോട്ടു തേടാൻ പ്രിയങ്ക എത്തി.. വന്‍വരവേല്‍പ്പ് ഒരുക്കി പ്രവർത്തകർ….

വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തി.വോട്ടർമാരെ നേരിൽക്കണ്ടു വോട്ടഭ്യർഥിക്കാനും യോഗങ്ങളിൽ പങ്കെടുക്കാനുമായിട്ടാണ് പ്രിയങ്ക എത്തിയത്.ഹെലികോപ്റ്റര്‍ മാര്‍ഗം നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തിയ പ്രിയങ്ക ഇന്നും നാളേയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഉണ്ടാവും.എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒന്നുവീതം യോഗങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. ഇന്നു മീനങ്ങാടിയിലാണ് ആദ്യ പരിപാടി.

പ്രിയങ്കയ്ക്കൊപ്പം ഡല്‍ഹിയില്‍ നിന്നുള്ള മറ്റ് നേതാക്കള്‍ ആരുമുണ്ടായിരുന്നില്ല. കേരളത്തിലെ നേതാക്കള്‍ പ്രിയങ്കയെ സ്വീകരിച്ചു. പുറത്തിറങ്ങിയ പ്രിയങ്ക പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പ്രവർത്തകർ പ്രിയങ്കയ്ക്കായി മുദ്രാവാക്യം മുഴക്കി. കോളജ് വിദ്യാർഥികൾക്ക് ഹസ്തദാനം നൽകിയശേഷം പ്രിയങ്ക കാറിൽ മീനങ്ങാടിയിലേക്ക് പോയി. 2.30ന് പനമരം, 4.30ന് പൊഴുതന എന്നിവിടങ്ങളിൽ യോഗങ്ങൾ നടക്കും. നാളെ 9.30ന് ഈങ്ങാപ്പുഴ, 12.30ന് തെരട്ടമ്മൽ, 3ന് മമ്പാട്, 4.30ന് ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം. തുടർന്ന് ഡൽഹിയിലേക്കു തിരിക്കുന്ന പ്രിയങ്ക ദീപാവലിക്കു ശേഷം വയനാട്ടിൽ വീണ്ടുമെത്തും.

Related Articles

Back to top button